പിഎം ശ്രീയിൽ സർക്കാരിന്‍റെ ഒളിച്ചുകളിയും മയക്കുവെടിയും; സിപിഎമ്മിനോടുള്ള അമിത വിധേയത്വം ഇനിയെങ്കിലും സിപിഐ നിര്‍ത്തണം: സണ്ണി ജോസഫ്

Published : Oct 31, 2025, 09:29 PM IST
sunny joseph

Synopsis

'പിഎം ശ്രീയെ കുറിച്ച് പഠിക്കാനുള്ള മന്ത്രിസഭ ഉപസമിതിയും തുടര്‍ന്നുള്ള റിപ്പോര്‍ട്ടും സിപിഐക്കുള്ള മയക്കുവെടിയാണ്. മന്ത്രിസഭയില്‍ ചര്‍ച്ച നടത്താതെ മുന്നണിയെ അറിയിക്കാതെ ഒപ്പിട്ട ശേഷമുള്ള ഒളിച്ചോടലാണ് ഇത്'

തിരുവനന്തപുരം: പി എം ശ്രീയില്‍ നിന്ന് പിന്‍മാറാന്‍ കേന്ദ്രസര്‍ക്കാരിന് മാത്രമേ കഴിയുയെന്നിരിക്കെ തെരഞ്ഞെടുപ്പ് വരെ ഒളിച്ചുകളി തുടരാനുള്ള ശ്രമമാണ് സി പി എം നടത്തുന്നതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ. പി എം ശ്രീയെ കുറിച്ച് പഠിക്കാനുള്ള മന്ത്രിസഭ ഉപസമിതിയും തുടര്‍ന്നുള്ള റിപ്പോര്‍ട്ടും സി പി ഐക്കുള്ള മയക്കുവെടിയാണ്. മന്ത്രിസഭയില്‍ ചര്‍ച്ച നടത്താതെ മുന്നണിയെ അറിയിക്കാതെ പി എം ശ്രീയില്‍ ഒപ്പിട്ട ശേഷം ഉണ്ടായ പ്രധാന വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതിന്റെ ഭാഗമാണ് ഇപ്പോള്‍ പരിഭവവും പിണക്കങ്ങളുമായി വിദ്യാഭ്യാസ മന്ത്രി രംഗത്ത് വന്നത്. പൊളിറ്റ് ബ്യൂറോയുടെ നയരേഖയിലുള്ളത് ദേശീയ വിദ്യാഭ്യാസ നയത്തെ എതിര്‍ക്കാനാണ്. അതില്‍ നിന്നെല്ലാം പിന്നോക്കം പോയി ദേശീയ വിദ്യാഭ്യാസ നയം ഗുണകരമാണന്ന് വാദിച്ചതിലാണോ ശിവന്‍കുട്ടിക്ക് വേദന, അതോ സി പി ഐയുടെ വിമര്‍ശനത്തിലാണോയെന്ന് വ്യക്തമാക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. യഥാര്‍ത്ഥത്തില്‍ സിപിഎം മാപ്പ് പറയേണ്ടത് സി പി ഐയോടാണെന്നും കെ പി സി സി പ്രസിഡന്റ് പറഞ്ഞു. സി പി എമ്മിനോട് അമിത വിധേയത്വം കാട്ടുന്നത് ഇനിയെങ്കിലും സി പി ഐ നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊതുകടം അഞ്ചുലക്ഷം കോടി

പി എം ശ്രീയുടെ ഫണ്ട് കേന്ദ്രം തടഞ്ഞ നടപടിയുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, സംസ്ഥാനത്തിന് സാമ്പത്തികമായി ഒരു ബുദ്ധിമുട്ടുമില്ലായെന്ന ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് സണ്ണി ജോസഫ് മറുപടി നല്‍കി. പണത്തിന് ഒരു വിഷമവുമില്ലെന്ന് പറയുമ്പോഴും കടം വാങ്ങിയാണ് സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ നടത്തുന്നത്. പൊതുകടം അഞ്ചുലക്ഷം കോടിക്ക് മുകളിലാണ്. അതുകൊണ്ടുതന്നെ ധനകാര്യമന്ത്രി നിലപാടുകള്‍ മാറ്റിയും മറിച്ചും പറഞ്ഞാല്‍ ജനങ്ങളത് വിശ്വസിക്കില്ല. ആശാ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ അപര്യാപ്തമാണ്. അതില്‍ തൃപ്തിയില്ലെന്ന് ആശാപ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനകീയ പിന്തുണയോടെ രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തി സമരം തുടരുമെന്ന് അവര്‍ തന്നെ അറിയിച്ചിട്ടുണ്ട്. ആദ്യം മുതലേ ഇവരുടെ സമരത്തെ അധിക്ഷേപിക്കാനും അവഗണിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും കെ പി സി സി പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

ശബരിമല സ്വര്‍ണ്ണക്കൊള്ള

തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും ഈ സര്‍ക്കാര്‍ പരിഗണന നല്‍കുന്നില്ല. ഓണറേറിയത്തില്‍ ആയിരം രൂപയുടെ വര്‍ദ്ധനവ് വരുത്താന്‍ സമരം മൂലം സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ നാമമാത്രമായ വര്‍ദ്ധനവ് വരുത്തി സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. തെരഞ്ഞെടുപ്പ് സ്റ്റണ്ടാണിത്. ജനങ്ങള്‍ ആ വിധത്തില്‍ തന്നെ ഇതിനെ വിലയിരുത്തും. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഹൈക്കോടതി നിരീക്ഷണത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടെങ്കിലും അത് പൂര്‍ണ്ണമല്ല. സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ട്. ഗുരുതരമായ ഒരു സ്വര്‍ണ്ണക്കൊള്ള നടന്നിട്ട് തൊണ്ടിമുതല്‍ പൂര്‍ണ്ണമായും കണ്ടെത്തുന്നതിനോ മറ്റു പ്രതികളിലേക്ക് അന്വേഷണം കടന്നു ചെല്ലാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. വിശ്വാസത്തിനും വിശ്വാസികള്‍ക്കും ഒരു പോലെ മുറിവേറ്റ ശബരിമല വിഷയത്തില്‍ നിന്ന് ജനശ്രദ്ധതിരിക്കാനും മറയ്ക്കാനും സര്‍ക്കാര്‍ എത്ര ശ്രമിച്ചാലും കഴിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്ന് ഡി മണി, പിന്നിൽ ഇരുഡിയം തട്ടിപ്പ് സംഘമെന്ന നിഗമനത്തിൽ എസ്ഐടി
കെഎഫ്സി വായ്പാതട്ടിപ്പ്; ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് പിവി അൻവർ, ഇന്ന് ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല