പ്രളയം തകർത്ത വീട്ടിൽ ആധിയോടെ; ഖദീജുമ്മയ്ക്കും മകൾക്കും തലചായ്ക്കാൻ ഒരിടം വേണം

By Web TeamFirst Published Aug 14, 2019, 6:10 PM IST
Highlights

മണ്ണുകൊണ്ട് ഉണ്ടാക്കിയ ഒറ്റമുറി വീടിന്‍റെ ചുവരുകള്‍ പ്രളയത്തില്‍ കുതിർന്നിരിക്കുകയാണ്. ചുമരുകള്‍ തൊട്ടാല്‍ പൊടിയുന്ന അവസ്ഥയിലാണിപ്പോഴുള്ളത്. ഏക ആശ്രയമായിരുന്ന മകൻ പാമ്പുകടിയേറ്റു മരിച്ചതോടെയാണ് ഖദീജുമ്മ ദുരിതത്തിലായത്. 

കോഴിക്കോട്: വെള്ളത്തില്‍ കുതിര്‍ന്ന് ഏത് നിമിഷവും നിലംപൊത്താവുന്ന വീട്ടിലാണ് കോഴിക്കോട് പെരുമുഖത്തെ എണ്‍പതുകാരി ഖദീജയും മകളും അന്തിയുറങ്ങുന്നത്. ഖദീജക്ക് ഏക ആശ്രയം അറുപതുകാരിയായ മകള്‍ മാത്രമാണ്. മഴ കനക്കുമ്പോള്‍ ഇടിഞ്ഞുവീഴാറായ വീട്ടിൽ ആധിയോടെയാണ് ഇരുവരും കഴിയുന്നത്.

നാല് കവുങ്ങ് തൂണുകളില്‍ ചാരി നിര്‍ത്തിയിരിക്കുകയാണ് ഖദീജുമ്മയുടേയും മകളുടേയും സുരക്ഷ. മണ്ണുകൊണ്ട് ഉണ്ടാക്കിയ ഒറ്റമുറി വീടിന്‍റെ ചുവരുകള്‍ പ്രളയത്തില്‍ കുതിർന്നിരിക്കുകയാണ്. ചുമരുകള്‍ തൊട്ടാല്‍ പൊടിയുന്ന അവസ്ഥയിലാണിപ്പോഴുള്ളത്. ഏക ആശ്രയമായിരുന്ന മകൻ പാമ്പുകടിയേറ്റു മരിച്ചതോടെയാണ് ഖദീജുമ്മ ദുരിതത്തിലായത്.

വീട് പുതുക്കി പണിയാന്‍ കെല്‍പ്പോ പണമോ ഇല്ലെന്ന് ഖദീജുമ്മ പറഞ്ഞു. കൂടെയുള്ള മകള്‍ ഫാത്തിമയെയും പ്രായം തളര്‍ത്തിയിട്ടുണ്ട്. സഹായിക്കാന്‍ വീട്ടിൽ ആണുങ്ങളായി ആരുമില്ല. ജീവിതത്തിലാദ്യമായാണ് തന്നെ പ്രളയം ദുരിതത്തിലാഴ്ത്തിയതെന്നും ഖദീജുമ്മ കൂട്ടിച്ചേർത്തു. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടില്‍ വെള്ളം കയറിയപ്പോള്‍ ഉടുതുണിയോടെ രക്ഷപ്പെടുകയായിരുന്നു ഖദീജുമ്മയും മകളും. എപ്പോൾ വേണമെങ്കിലും ഇടിഞ്ഞ് വീഴാറായ മുപ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള വീട്ടിൽ ഇനി എന്ത് ധൈര്യത്തിൽ കിടന്നുറങ്ങുമെന്നാണ് ഖജീജുമ്മ ചോദിക്കുന്നത്. 

click me!