തിരുവനന്തപുരം മെഡി. കോളജിൽ വൃക്ക മാറ്റിവയ്ക്കലും നിലച്ചു; രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് അയക്കുന്നു

By Web TeamFirst Published Jan 17, 2021, 10:39 AM IST
Highlights

മറ്റെല്ലാ ശസ്ത്രക്രയകളും മുറപോലെ നടക്കുമ്പോഴാണ് വൃക്കമാറ്റിവയ്ക്കൽ മാത്രം മുടങ്ങുന്നത്. രോഗികൾ പരാതിയുമായി എത്തിയതോടെ ഡിഎംഇ ഉൾപ്പെടെയുള്ളവര്‍ ഇടപെട്ടെങ്കിലും ഒന്നും നടന്നില്ല

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിര്‍ത്തിവച്ചിട്ട് ഒമ്പത് മാസം. മസ്തിഷ്ക മരണം വഴി ലഭിച്ച വൃക്കപോലും സ്വീകരിക്കില്ലെന്നറിയിച്ച യൂറോളജി വിഭാഗം തലവനായ ഡോക്ടര്‍, രോഗികളെയെല്ലാം സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണിപ്പോൾ. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉടൻ തുടങ്ങണമെന്ന് ഡിഎംഇ അടക്കമുള്ളവര്‍ നിര്‍ദേശിച്ചിട്ടും ഒരു അനക്കവുമില്ല.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ചികിത്സക്കെത്തിയ നെയ്യാറ്റിൻകര സ്വദേശി മണിയനോട് സ്വകാര്യ മേഖലയിലേക്ക് പോകാനാണ് നിർദേശിച്ചത്. ഒരു നേരം ഭക്ഷണം കഴിക്കണമെങ്കില്‍ നാട്ടുകാര്‍ സഹായിക്കേണ്ട അവസ്ഥയിലുള്ള മണിയനത് ആലോചിക്കാൻ പോലുമാകില്ല. ഇത് മണിയന്‍റെ മാത്രം അവസ്ഥയല്ല തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികില്‍സ തേടിയെത്തിയ നിരവധിപേരുടെ അനുഭവമാണ്. 

2004 മുതല്‍ 2020 ഏപ്രിൽ വരെ ജീവിച്ചിരിക്കുന്നവരില്‍ നിന്ന് മരണാനന്തര അവയവദാനം വഴിയുമുള്ള 500ലേറെ വൃക്ക മാറ്റിവയ്ക്കൽ നടന്ന മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തില്‍ മെയ് മാസത്തില്‍ പുതിയ വകുപ്പ് തലവനെത്തിയതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. കൊവിഡിന്‍റെ പേരില്‍ വൃക്ക മാറ്റിവയ്ക്കൽ പൂര്‍ണമായും നിര്‍ത്തിവച്ചു. മറ്റെല്ലാ ശസ്ത്രക്രയകളും മുറപോലെ നടക്കുമ്പോഴാണ് വൃക്കമാറ്റിവയ്ക്കൽ മാത്രം മുടങ്ങുന്നത്. രോഗികൾ പരാതിയുമായി എത്തിയതോടെ ഡിഎംഇ ഉൾപ്പെടെയുള്ളവര്‍ ഇടപെട്ടെങ്കിലും ഒന്നും നടന്നില്ല. എന്നാല്‍ കൊവിഡ് ഡ്യൂട്ടി വന്നതോടെ ജീവനക്കാരുടെ കുറവുണ്ടായതാണ് പ്രശ്നമെന്നാണ് വകുപ്പ് തലവൻ ഡോ വാസുദേവൻ പോറ്റിയുടെ നിലപാട്. 

click me!