പാലായില്‍ സജീവ ചര്‍ച്ചയായി കിഫ്ബി വിവാദം

By Web TeamFirst Published Sep 19, 2019, 7:25 PM IST
Highlights

വികസനത്തിന്‍റെ പേരിലുള്ള അഴിമതിയാണ് കിഫ്ബി എന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.9.7 ശതമാനം പിലശക്ക് പണം വാങ്ങി 7 ശതമാനത്തിന് മറിച്ച് നല്‍കി സര്‍ക്കാര്‍ വന്‍നഷ്ടമുണ്ടാക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിക്കുന്നു


കോട്ടയം: പാലാ പ്രചാരണത്തില്‍ സര്‍ക്കാരിന് തിരിച്ചടിയായി കിഫ്ബി വിവാദം.സിഎജി യുടെ സമ്പൂര്‍ണ ഓഡിറ്റ് നിഷേധിക്കുന്നത് അഴിമതിക്കെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുമ്പോള്‍, കിഫ്ബിയെ തകര്‍ക്കാനുള്ള നീക്കമെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ നിലപാട് ചോദ്യം ചെയ്ത് ബിജെപി കേന്ദ്രനേതൃത്വവും രംഗത്തെത്തിയതോടെ കിഫ്ബി പാലായില്‍ സജീവ ചര്‍ച്ചയാണ്.

പാലാക്കാര്‍ തിങ്കളാഴ്ച പോളിംഗ് ബൂത്തിലെത്താനിരിക്കെയാണ് ചൂടേറിയ പ്രചാരണത്തില്‍ കിഫ്ബി വിവാദം കത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കേന്ദ്രമന്തി വി.മുരളീധരന്‍, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു എന്നിവര്‍ വിഷയത്തില്‍ നേര്‍ക്കുനേര്‍ എത്തി.

വികസനത്തിന്‍റെ പേരിലുള്ള അഴിമതിയാണ് കിഫ്ബി എന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.9.7 ശതമാനം പിലശക്ക് പണം വാങ്ങി 7 ശതമാനത്തിന് മറിച്ച് നല്‍കി സര്‍ക്കാര്‍ വന്‍നഷ്ടമുണ്ടാക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിക്കുന്നു. കിഫ്ബിയില്‍ സര്‍ക്കാരിന് മറച്ചു വയ്ക്കാനൊന്നുമില്ലെങ്കില്‍ എന്ത് കൊണ്ട് സമ്പൂര്‍ണ ഓഡിറ്റിന് വിസമ്മതിക്കുന്നുവെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ ചോദ്യം.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തെ അഴിമതിക്കഥകള്‍ പറഞ്ഞ് തന്‍റെ സര്‍ക്കാര്‍ അഴിമതിരഹിത സര്‍ക്കാരെന്ന്  മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുമ്പോഴാണ് കിഫ്ബി വിവാദം സര്‍ക്കാരിന് തിരിച്ചടിയാകുന്നത്. കിഫ്ബിയെ തകര്‍ക്കാനുള്ള നീക്കമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയുടെ പ്രതിരോധം. അപ്പോഴും എന്തു കൊണ്ട് കിഫ്ബിക്ക് ഓഡിറ്റ് വേണ്ടെന്ന് വച്ചത് എന്തിനെന്ന് മുഖ്യമന്ത്രിവിശദീകരിക്കുന്നില്ല. 

click me!