വി കെ ഇബ്രാഹിം കുഞ്ഞിന് കുരുക്ക് മുറുകുന്നു; അറസ്റ്റിന് സാധ്യത

By Web TeamFirst Published Sep 19, 2019, 7:20 PM IST
Highlights

പാലാരിവട്ടം പാലം ക്രമക്കേടിൽ ഇബ്രാഹിം കുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്ന് വിജിലൻസ്. ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും.

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. ക്രമക്കേടിൽ ഇബ്രാഹിം കുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്ന് ഡയറക്ടർ വിളിച്ച യോഗത്തിൽ അന്വേഷണ സംഘം അറിയിച്ചു. ഇബ്രാഹിം കുഞ്ഞിനെയും റോഡ്സ് ആന്‍റി ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ എംഡിയായിരുന്ന മുഹമ്മദ് ഹനീഷിനെയും വീണ്ടും വിശദമായി ചോദ്യം ചെയ്യാനും വിജിലൻസ് തീരുമാനിച്ചു.

കേരളം കണ്ട ഏറ്റവും വലിയ പകല്‍ക്കൊളളയെന്ന് വിലയിരുത്തപ്പെടുന്ന കേസില്‍ ഉദ്യോഗസ്ഥ തലത്തിനപ്പുറം നടപടി വേണമെന്ന പൊതുചിന്തയുടെ അടിസ്ഥാനത്തിലാണ് മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. ടി ഒ സൂരജിന്‍റെ മൊഴിയും സത്യവാങ്മൂലവുമാണ് മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന് കുരുക്കാകുന്നത്. ഇബ്രാഹിം കുഞ്ഞിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ഡയറക്ട‍ർ വിളിച്ചു ചേർത്ത യോഗത്തിൽ അന്വേഷണ സംഘം അറിയിച്ചു. 

റോഡ് ആൻറ് ബ്രിഡ്ജസ് കോർപ്പറേഷന്‍റെ മുൻ എംഡിയായിരുന്നു മുഹമ്മദ് ഹരീഷിന്‍റെ ഇടപാടുകളെ കുറിച്ച് കൂടുതൽ വ്യക്തവേണമെന്നും യോഗം വിലയിരുത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇരുവരെയും വീണ്ടും വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. ഇപ്പോള്‍ റിമാൻഡിൽ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തീരുമാനമെടുത്തശേഷമായിരിക്കും ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ വ്യക്തമായ വിശദീകരണം നൽകിയില്ലെങ്കിൽ ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റുണ്ടാകും. ഇബ്രാഹിം കുഞ്ഞിന്‍റെ ചോദ്യം ചെയ്തതിനുശേഷം മുഹമ്മദ് ഹനീഷിനെയും സെക്രട്ടറിയേറ്റിലെ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാനാണ് തീരുമാനം. 

പാലാരിവട്ടം അഴിമതിയിൽ കേസെടുക്കാനും പ്രതിചേർക്കാനുമെല്ലാം സർക്കാർ മുൻകൂർ അനുമതി നൽകിയതിനാൽ കൂടുതൽപേരെ പ്രതിചേർക്കാൻ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന് വിജിലൻസ് വൃത്തങ്ങള്‍ പറഞ്ഞു. യുഡിഎഫ് നേതാക്കള്‍ക്കെതിരായ അഴമതിക്കേസുകളില്‍ അന്വേഷണം ശരിയായി നടക്കുന്നില്ലെന്ന് സിപിഎം നേതൃയോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമുണ്ടായിരുന്നു. ഈ സാഹചര്യങ്ങളിലാണ് ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്.

click me!