മൊബൈലും ഇന്‍റർനെറ്റും വ്യക്തികളുടെ അവകാശം; പുറത്താക്കിയ വിദ്യാർത്ഥിനിയെ തിരിച്ചെടുക്കണമെന്ന് കോടതി

By Web TeamFirst Published Sep 19, 2019, 6:46 PM IST
Highlights

മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന് ചൂണ്ടികാട്ടി കോളേജ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കപ്പെട്ട ചേളന്നൂർ എസ് എൻ കോളേജ് വിദ്യാർത്ഥിനി ഫഹീമ ഷിറിന്‍ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 

കൊച്ചി: ഇന്‍റർനെറ്റ് ഉപയോഗം വ്യക്തിയുടെ മൗലികാവകാശത്തിന്‍റെയും വിദ്യാഭ്യാസ അവകാശത്തിന്‍റെയും ഭാഗമെന്ന് കേരള ഹൈക്കോടതി. കോളേജ് ഹോസ്റ്റലുകളില്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സ്വകാര്യതയിലുളള കടന്നുകയറ്റമെന്നും കോടതി പറഞ്ഞു. ഹോസ്റ്റലില്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് ചേളന്നൂര്‍ എസ്എന്‍ കോളജ് വിദ്യാര്‍ത്ഥിനി ഫഹീമ ഷിറിന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പി വി ആശയുടെ ചരിത്രപരമായ വിധി.

വൈകീട്ട് ആറ് മണി മുതല്‍ പത്ത് മണി വരെ കോള്ജ് ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശം അംഗീകരിക്കാത്തതിന് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയത് ചോദ്യം ചെയ്തായിരുന്നു ഫഹിമ ഷിറിന്‍ ഹൈക്കോടതിയെ സമീപിച്ചത്. മൊബൈല്‍ ഫോണിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഇന്‍റര്‍നെറ്റ് സഹായത്തോടെ പഠിക്കാനുളള തന്‍റെ അവകാശത്തിലുളള കടന്നുകയറ്റമാണെന്നായിരുന്നു ഫഹിമ ഷിറിന്‍റെ വാദം. 

പെണ്‍കുട്ടികളുട ഹോസ്റ്റലില്‍ മാത്രമാണ് മൊബൈല്‍ ഫോണിന് സമയനിയന്ത്രണം. ഇത്  ലിംഗവിവേചനമെന്നും യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമെന്നും ഹര്‍ജ്ജിക്കാരി ചൂണ്ടിക്കാട്ടി. എല്ലാ പൗരന്‍മാര്‍ക്കും ഇന്‍റര്‍നെറ്റ് അവകാശമാക്കുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്‍റെ 2017ലെ ബജറ്റ് പ്രസംഗം ചൂണ്ടിക്കാട്ടിയ ഹര്‍ജിക്കാരി തന്‍റെ മൗലികവകാശങ്ങള്‍ ലംഘിക്കപ്പെട്ടതായും വാദിച്ചു. 

എന്നാല്‍, അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ച രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്നാണ് സമയ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും പരാതിക്കാരി മാത്രമാണ് ഇതിനെതിരെ രംഗത്തുവന്നതെന്നും കോളേജ് അധികൃതര്‍ വാദിച്ചു. പരാതിക്കാരിയുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രായപൂര്‍ത്തിയായവരാണെന്ന കാര്യം അധ്യാപകരും രക്ഷിതാക്കളും ഓര്‍മിക്കണമെന്ന് പറഞ്ഞു. എങ്ങനെ പഠിക്കണമെന്നും എപ്പോള്‍ പഠിക്കണമെന്നും അവര്‍ക്ക് അറിയാം. പഠനസമയത്തെ നിയന്ത്രണം കൊണ്ടു മാത്രം മൊബൈല്‍ ഫോണ്‍ദുരുപയോഗം തടയാനാകില്ല. 

ഒരു കാലത്ത് ആഡംബര ഉല്‍പ്പന്നമായിരുന്ന ഫോണ്‍ ഇന്ന് ദൈനംദിന ജീവിതത്തിന്‍റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ്. രാജ്യം ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ രണ്ടാമത് നില്‍ക്കുന്ന സാഹചര്യത്തില്‍ മൊബൈലിന്‍റെ സാധ്യതകളെക്കുറിച്ച് അധ്യാപകരും രക്ഷിതാക്കളും ചിന്തിക്കണം. ആധുനീക സാങ്കേവിദ്യയുടെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഹോസ്റ്റല്‍ നിയമങ്ങളില്‍ മാറ്റം കൊണ്ടുവരേണ്ടതാണ്. അതേസമയം ഹോസ്റ്റലുകളില്‍ ശരിയായ രീതിയിലുളള മൊബൈല്‍ ഉപയോഗം സംബന്ധിച്ച കൗണ്‍സലിംഗ് നല്‍കാവുന്നതാണെന്നും കോടതി നിര്‍ദ്ദേശിച്ചു. ഫഹിമ ഷിറിനുവേണ്ടി അഭിഭാഷകനായ ലിജിത് പി കോട്ടക്കയ്ക്കല്‍ ഹാജരായി.

click me!