Latest Videos

വ്യവസായ മേഖലയിലെ പരിശോധനയിൽ നടപടി എന്ത്? യോഗം വിളിച്ച് മുഖ്യമന്ത്രി; കിറ്റക്സ് ജീവനക്കാരുടെ പ്രതിഷേധം വൈകിട്ട്

By Web TeamFirst Published Jul 5, 2021, 12:21 AM IST
Highlights

തമിഴ്നാടും തെലങ്കാനയും കൂടാതെ കിറ്റെക്സിനെ സ്വാഗതം ചെയ്ത മറ്റ് 5 സംസ്ഥാനങ്ങൾ ഔദ്യോഗിക ക്ഷണകത്ത് ഇന്ന് നൽകിയേക്കുമെന്ന സൂചനയുമുണ്ട്

തിരുവനന്തപുരം: വ്യവസായസ്ഥാപനങ്ങളിലെ വിവിധ വകുപ്പുകളുടെ പരിശോധനയിലെ തുട‍ർനടപടികൾ തീരുമാനിക്കാൻ മുഖ്യന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന് ചേരും. വൈകീട്ട് അഞ്ചിന് ചേരുന്ന യോഗത്തിൽ വ്യവസായ-ആരോഗ്യ-തദ്ദേശമന്ത്രിമാർ പങ്കെടുക്കും. സർക്കാർ വകുപ്പുകളുടെ മിന്നൽ പരിശോധന മൂലം വ്യവസായനിക്ഷേപത്തിൽ നിന്നും പിന്മാറുകയാണെന്ന് കിറ്റക്സ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യോഗം. കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷം ഇല്ലെന്ന വ്യാപക പ്രചാരണം നടക്കുന്ന സാഹചര്യത്തിൽ മിന്നൽ പരിശോധനകൾ തൽക്കാലം വേണ്ടെന്ന് വെക്കാനുള്ള സാധ്യതയുണ്ട്.

അതേസമയം സർക്കാർ നടപടികളിൽ പ്രതിഷേധിച്ചും തൊഴിൽ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കിറ്റക്സ്സ് കമ്പനിയിലെ ജീവനക്കാരുടെ കൂട്ടത്തോടെയുള്ള പ്രതിഷേധവും ഇന്ന് നടക്കും. കിഴക്കമ്പലത്തെ കമ്പനി ഓഫീസ് പരിസരത്ത് വൈകിട്ട് ആറ് മണിക്ക് മെഴുകുതിരി കത്തിച്ചാണ് പ്രതിഷേധം. കിറ്റക്സിലെ 9500 ജീവനക്കാർ പങ്കെടുക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുക്കും പ്രതിഷേധമെന്ന് കിറ്റക്സ് മാനേജ്മെന്‍റ് അറിയിച്ചു.

അതിനിടെ തമിഴ്നാടും തെലങ്കാനയും കൂടാതെ കിറ്റെക്സിനെ സ്വാഗതം ചെയ്ത മറ്റ് 5 സംസ്ഥാനങ്ങൾ ഔദ്യോഗിക ക്ഷണകത്ത് ഇന്ന് നൽകിയേക്കുമെന്ന സൂചനയുമുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി സഹക്കരിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ കിറ്റക്സ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കിറ്റക്സ് എംഡി സാബു എം ജേക്കബുമായി ചർച്ച നടത്തിയ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ അടുത്ത ദിവസം സർക്കാരിന് റിപ്പോർട്ട് നൽകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona‍‍‍

click me!