
തിരുവനന്തപുരം: കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു. പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി. ഇനിമുതല്‍ അതികഠിനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്നും എന്നാല്‍ ശ്രദ്ധ തുടരുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധം പുലര്‍ത്തിവരുടെ സാമ്പിള്‍ ഫലം നെഗറ്റീവാണെന്നും മന്ത്രി അറിയിച്ചു.
അതേസമയം കൊറോണ വൈറസ് പടര്‍ന്ന ചൈനയില്‍ നിന്നും മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ വിദ്യാർത്ഥി സംഘം നാട്ടിലേക്ക് മടങ്ങി. തിരിച്ചെത്താന്‍ കഴിയാതെ കുൻമിംഗിൽ കുടുങ്ങിക്കിടക്കുകയായിരുന്നു 21അംഗ സംഘമാണ് യാത്ര തിരിച്ചത്. ചൈനയിലെ കുമിങ് ഡാലിയൻ സര്‍വകലാശാലയില്‍ എംബിബിഎസിനു പഠിക്കുന്ന 17 വിദ്യാര്‍ഥികളടക്കം 21പേരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇവരുടെ താമസ സ്ഥലത്തും കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നാട്ടിലേക്ക് പോകാൻ തീരുമാനിച്ചത്.
സിംഗപ്പൂര്‍ വഴിയുള്ള വിമാനത്തില്‍ ടിക്കറ്റും ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തി. എന്നാല്‍ ചൈനയില്‍ നിന്നുള്ളവരുടെ യാത്ര അനുവദിക്കില്ലെന്ന് എയര്‍ലൈൻ കമ്പനി നിലപാടെടുത്തു. ഇതോടെ യാത്ര മുടങ്ങി. ഭക്ഷണത്തിനടക്കം ക്ഷാമം നേരിടുന്ന സര്‍വകലാശാലയിലേക്ക് പോകാനും പറ്റാത്ത അവസ്ഥയിലായിരുന്നു വിദ്യാര്‍ത്ഥികള്‍. അതേസമയം കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ ഇതുവരെ 636 ആളുകള്‍ മരിച്ചു. 31161 പേർക്ക് രോഗബാധ കണ്ടെത്തിയിട്ടുണ്ടെന്നും നാഷണൽ ഹെൽത്ത് കമ്മീഷന്‍ വെളിപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam