വയനാട്ടിൽ നടുറോഡിൽ തമിഴ് യുവതിക്ക് ക്രൂരമർദ്ദനം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെ കെ ശൈലജ

By Web TeamFirst Published Jul 23, 2019, 3:14 PM IST
Highlights

സംഭവം അത്യന്തം വേദനാജനകമാണെന്നും ഇതുപോലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ സമൂഹ മനസാക്ഷി ഉണരേണ്ടതാണെന്നും കെ കെ ശൈലജ.

തിരുവനന്തപുരം: വയനാട്ടില്‍ തമിഴ് ദമ്പതികള്‍ ക്രൂര മര്‍ദ്ദനത്തിനിടയായ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. സംഭവം അത്യന്തം വേദനാജനകമാണെന്നും ഇതുപോലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ സമൂഹ മനസാക്ഷി ഉണരേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

ഉത്തരേന്ത്യയില്‍ കാണുന്നതുപോലെയുള്ള ആള്‍ക്കൂട്ട ആക്രമണം, സ്ത്രീകള്‍ക്ക് നേരെ നടക്കുന്നത് സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് ഇത്രയേറെ പുരോഗതി നേടിയ കേരളത്തിന് ഒട്ടും ഭൂഷണമല്ലെന്ന് കെ കെ ശൈലജ പ്രതികരിച്ചു. ഇത്തരം സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ദമ്പതികള്‍ക്ക് വനിത ശിശുവികസന വകുപ്പിന്റെ എല്ലാ പിന്തുണയുമറിയിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നലെ അമ്പലവയലിൽവെച്ചാണ് തമിഴ് ദമ്പതികളെ സജീവാനന്ദൻ എന്നയാൾ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭർത്താവിനെ മർദ്ദിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് സജീവാനന്ദൻ യുവതിയെ ക്രൂരമായി മർദ്ദിക്കുകയും യുവതിക്കുനേരെ അസഭ്യവർഷം നടത്തുകയുമായിരുന്നു. സംസാരിക്കുന്നതിനിടെ 'നിനക്കും വേണോ' എന്ന് ചോദിച്ച് സജീവാനന്ദൻ യുവതിയുടെ മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ദമ്പതികൾക്കെതിരെ നടന്ന ആക്രമണം കണ്ട് നിന്നവരാണ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. ഓട്ടോ ഡ്രൈവറാണ് കേസിലെ പ്രതിയായ സജീവാനന്ദനെന്നാണ് കരുതുന്നത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. സംഭവം നടന്ന സ്ഥലത്ത്, ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. പ്രാദേശിക കോൺഗ്രസ് പ്രവർത്തകനായ സജീവാനന്ദനെതിരെ കേസെടുക്കാതെ പൊലീസ് ആദ്യം ഒത്തു കളിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം. 

ദമ്പതികളെ ക്രൂരമായി തല്ലിയ സജീവാനന്ദൻ പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ, ഒളിവിൽ

click me!