
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലായ ബി ജെ പി കൗൺസിലർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽ ഡി എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധത്തിൽ മുൻ ഡി ജി പി ആർ ശ്രീലേഖയ്ക്കെതിരെ കടുത്ത വിമർശനവുമായി കെ എൻ ബാലഗോപാൽ. പൊലീസിനെ 'പോടാ പുല്ലേ' എന്ന് വിളിച്ചപ്പോൾ ഇങ്ങനെയുള്ള ഒരാളായിരുന്നല്ലോ മുൻപ് സംസ്ഥാനത്തെ ഡി ജി പി എന്ന് ഓർത്ത് കേരള പൊലീസ് ഒന്നടങ്കം ലജ്ജിച്ചുവെന്ന് ബാലഗോപാൽ അഭിപ്രായപ്പെട്ടു. ഒരു ഡി ജി പിക്ക് കീഴിലാണ് സുഗതനെന്ന ഗുണ്ട നിലകൊണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസ് മേധാവി സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം ബി ജെ പിയിൽ ചേർന്ന ശേഷം ശ്രീലഖക്ക് എന്ത് മാറ്റമാണ് ഉണ്ടായതെന്ന ചോദ്യം കൂടിയാണ് ബാലഗോപാൽ ഉയർത്തിയത്. ഉത്തരേന്ത്യൻ രാഷ്ട്രീയം ബി ജെ പി തിരുവനന്തപുരത്ത് കൊണ്ടുവരാൻ നോക്കേണ്ടെന്ന് താക്കീത് ചെയ്ത ബാലഗോപാൽ, നിലവിൽ കോർപ്പറേഷനിൽ റീൽസ് ഭരണമാണ് നടക്കുന്നതെന്നും കുറ്റപ്പെടുത്തി. ചെറിയ വത്യാസത്തിലാണ് എൽ ഡി എഫിന് ഭരണം നഷ്ടമായതെന്ന് ഓർമ്മിപ്പിച്ച ബാലഗോപാൽ, ഇവിടെ എന്തും ചെയ്യാമെന്ന് ആരും വിചാരിക്കേണ്ടെന്നും വ്യക്തമാക്കി. വി സിമാരെ എല്ലാവരും അംഗീകരിക്കുന്നവരായിരുന്നുവെന്നും എന്നാൽ ഇന്ന് ആർ എസ് എസ് തിട്ടൂരമനുസരിച്ചാണ് അവരെ തീരുമാനിക്കുന്നത്. ഇതിനെതിരെ യു ഡി എഫ് സർക്കാർ ഒരക്ഷരം മിണ്ടുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിലെ 3 വി സി മാർ ആർ എസ് എസ് മേധാവി മോഹൻ ഭഗവതിന്‍റെ പരിപാടിയിൽ പങ്കെടുത്തതിനെയും മുൻ ധനമന്ത്രി രൂക്ഷമായി വിമർശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam