കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷയിൽ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം ആരംഭിച്ചു. മന്ത്രിയോ സെക്രട്ടറിയോ അറിയാതെയാണ് അപേക്ഷയിൽ തീരുമാനമെടുത്തതെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷയിൽ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം. അപേക്ഷയിൽ മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ അറിയാതെ തീരുമാനം എടുത്തെന്നാണ് വിലയിരുത്തൽ. സുഗതൻ നൽകിയ അപേക്ഷ തദ്ദേശവകുപ്പിൻ്റെ അഭിപ്രായത്തിന് വിട്ടിരുന്നു. അവധി അപേക്ഷ കൗൺസിലിന് പരിഗണിക്കാമെന്ന് നിർദ്ദേശിച്ചത് തദേശവകുപ്പ് ആണ്. ഇതുകൂടി ഉൾപ്പെടുത്തി ആഭ്യന്തര അണ്ടർ സെക്രട്ടറി കത്ത് നൽകുകയായിരുന്നു. തദ്ദേശ വകുപ്പിൻ്റെ അഭിപ്രായം ആഭ്യന്തരവകുപ്പിൻ്റെ ഭാഗമാക്കിയതിൽ മന്ത്രിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം.
അതേസമയം, ആർ സുഗതന് കൗൺസിലിൽ പങ്കെടുക്കുന്നതിൽ ആറ് മാസത്തേക്ക് അവധി നൽകിയ നടപടിയിൽ വിശദീകരണവുമായി മേയർ രംഗത്തെത്തി. അവധി അപേക്ഷ നിയമപരമാണെന്നും വോട്ടെടുപ്പ് എങ്ങനെ വേണമെന്ന് മേയർക്ക് തീരുമാനിക്കാമെന്നും മേയർ വിവി രാജേഷ് പ്രതികരിച്ചു. അംഗത്തിന്റെ അംഗത്വം സംരക്ഷിക്കേണ്ടത് മേയറുടെ ഉത്തരവാദിത്തമാണ്. ആഭ്യന്തര വകുപ്പ് സർക്കുലർ ആണ് പിൻബലം. അയോഗ്യത ഉണ്ടാവില്ലെന്ന് പറഞ്ഞത് ആഭ്യന്തര വകുപ്പാണ്. സുഗതന് കൊടുത്ത മറുപടിയിൽ ആഭ്യന്തര വകുപ്പ് അതാണ് പറയുന്നതെന്നും മേയർ വ്യക്തമാക്കി. സുഗതന്റെ അപേക്ഷയിൽ, വോട്ടിനിട്ട് പാസാക്കാം എന്ന് നിർദേശമുണ്ട് അവധി അപേക്ഷ അംഗീകരിച്ചത് പരിശോധിക്കുമെന്നും നിയമവശം പരിശോധിക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.


