സനു മോഹനെ കുറിച്ച് സൂചന പോലുമില്ല; കൊച്ചിയിൽ 13കാരിയുടെ മരണത്തിൽ അന്വേഷണം വഴിമുട്ടി

By Web TeamFirst Published Apr 9, 2021, 7:29 AM IST
Highlights

അന്വേഷണം തുടക്കത്തിലെ തന്നെ പാളിയതാണ് 13 കാരി വൈഗയുടെ മരണത്തിലും പിന്നാലെയുളള പിതാവിന്റെ തിരോധാനത്തിലും പൊലീസിനെ സമ്മർദ്ദത്തിലാക്കിയതെന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങൾ വിലയിരുത്തുന്നു

കൊച്ചി: എറണാകുഴം മുട്ടാർ പുഴയിൽ 13 വയസുകാരിയെ മരിച്ച നിലയിൽ കണ്ടതിന് പിന്നാലെ അപ്രത്യക്ഷനായ പിതാവ് സനുമോഹനെ തേടിയുളള പൊലീസ് അന്വേഷണം വഴിമുട്ടി. സംഭവത്തിലെ ദുരൂഹത നാൾക്കുനാൾ വർധിക്കുന്ന സാഹചര്യത്തിൽ കേസ് ക്രൈംബ്രാഞ്ചിന് വിടുന്നത് പരിഗണിക്കുന്നുണ്ട്. സനു മോഹന്‍റെ അടുത്ത ബന്ധുക്കളെ കഴി‍ഞ്ഞ ദിവസം കൊച്ചിയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല.

തൃക്കാക്കര പൊലീസിന്റെ അന്വേഷണം തുടക്കത്തിലെ തന്നെ പാളിയതാണ് 13 കാരി വൈഗയുടെ മരണത്തിലും പിന്നാലെയുളള പിതാവിന്റെ തിരോധാനത്തിലും പൊലീസിനെ സമ്മർദ്ദത്തിലാക്കിയതെന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങൾ വിലയിരുത്തുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥലംമാറിയെത്തിയ തൃക്കാക്കരയിലെ ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ തെളിവ് ശേഖരണത്തിൽ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നും വിലയിരുത്തപ്പെടുന്നു. തെരഞ്ഞെടുപ്പ് ചുമതലകളുടെ പേര് പറഞ്ഞതായിരുന്നു ചില ഉദ്യോഗസ്ഥർ അന്വേഷണത്തിൽ ഇടപെടാതെ മാറി നിന്നത്. 

സംഭവം കൂടുതൽ മാധ്യമ ശ്രദ്ധ നേടിയതോടെയാണ് ഒരു സംഘം പൊലീസുകാരെ അന്വേഷണത്തിനായി ചെന്നൈയിലേക്ക് അയച്ചത്. കൊച്ചി സിറ്റി ഡിസിപിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണസംഘത്തെപ്പറ്റി ആലോചിക്കുന്നത്. കാണാതായ സനുമോഹന്‍റെ അടുത്ത ബന്ധുക്കളെ കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിൽ വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു. സനുമോഹന്റെ ചില്ലറ സാമ്പത്തിക തട്ടിപ്പുകൾ അറിയാമെന്നല്ലാതെ പുണെയിലടക്കമുളള വൻ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് ഇവർക്ക് കാര്യമായ പിടിയില്ല. ഭാര്യയെ ആലപ്പുഴയിലെ വീട്ടിലാക്കിയശേഷം മകളുമായി കൊച്ചിയിലേക്ക് തിരിച്ചുപോന്നത് സംബന്ധിച്ചും പൊലീസ് പരിശോധിക്കുന്നുണ്ട്. തൃക്കാക്കരയിലെ ഫ്ലാറ്റിൽ നിന്ന് ബെഡ് ഷീറ്റ് പുതപ്പിച്ച് പെൺകുട്ടിയെ സനുമോഹൻ എടുത്തു കൊണ്ടുപോയതായി മൊഴി കിട്ടിയിട്ടുണ്ട്. ആഴ്ചകൾ കഴിഞ്ഞിട്ടും ഇക്കാര്യങ്ങളിലൊന്നും കാര്യമായി അന്വേഷണ പുരോഗതിയുണ്ടാക്കാൻ തൃക്കാക്കര പൊലീസിനായില്ലെന്നാണ് പൊലീസ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ.

click me!