
കൊച്ചി: കൈക്കൂലി കേസിൽ പിടിയിലായ കൊച്ചി കോർപറേഷനിലെ ഉദ്യോഗസ്ഥ സ്വപ്ന, സുപ്രധാന ചുമതല നേടിയത് മേലധികാരികളുടെ പ്രിയം നേടിയതിലൂടെ. 2019ലാണ് തൃശൂർ കോർപ്പറേഷനിൽ സ്വപ്ന ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നത്. സ്ഥലംമാറ്റത്തിൽ 2023ൽ കൊച്ചി കോർപ്പറേഷൻ വൈറ്റിലയിലെ സോണൽ ഓഫീസിലെത്തി. സ്മാർട്ടായി നിന്ന സ്വപ്ന എളുപ്പത്തിൽ മേലുദ്യോഗസ്ഥരുടെ വിശ്വാസം പിടിച്ചു പറ്റി. ഫസ്റ്റ് ഗ്രേഡ് ഓവർസിയർ റാങ്ക് ആയതിനാൽ ബിൽഡിംഗ് ഇൻസ്പെക്ടർ പദവിയും കിട്ടി. നഗരഹൃദയമായതിനാൽ കെട്ടിട പെർമിറ്റ് സംബന്ധിച്ച കുറെ അപേക്ഷകൾ ചെറിയ സമയത്തിനുള്ളിൽ സ്വപ്നയ്ക്ക് മുന്നിലെത്തി. ഇതിലെല്ലാം സ്വപ്ന അഴിമതി നടത്തിയിട്ടുണ്ടോ എന്നാണ് വിജിലൻസിന്റെ നിലവിലെ പരിശോധന.
സ്വപ്ന വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നതിൽ വിജിലൻസ് അന്വേഷണം തുടങ്ങി. കോർപ്പറേഷൻ പരിധിയിൽ ഇവർ നൽകിയ മുഴുവൻ ബിൽഡിംഗ് പെർമിറ്റ് രേഖകളും വിജിലൻസ് റെയ്ഡിലൂടെ പിടിച്ചെടുത്തു. രണ്ട് വർഷമായി വൈറ്റില സോണൽ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസിയർ ആയിരുന്ന സ്വപ്നയെ തൃശൂർ വിജിലൻസ് ജഡ്ജിക്ക് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
മാസങ്ങളായി വിജിലൻസിന്റെ റഡാറിലുള്ളതാണ് കൊച്ചി കോർപ്പറേഷൻ ഓഫീസുകൾ. എന്നാൽ ഏജന്റുമാർ വഴിയും, രഹസ്യകേന്ദ്രങ്ങളിൽ വെച്ചും കൈക്കൂലി കൈപ്പറ്റിയ അഴിമതിക്കാർക്ക് ഇതുവരെ എല്ലാം സേഫായിരുന്നു. വൈറ്റില സ്വദേശിയുടെ അഞ്ച് നില കെട്ടിടത്തിന് പ്ലാൻ അപ്രൂവ് ചെയ്യാൻ 4 മാസം വൈകിപ്പിച്ചിട്ടാണ് ഒടുവിൽ ഓരോ നിലയ്ക്കും 5,000 രൂപ വീതം 25000 രൂപ സ്വപ്ന ആവശ്യപ്പെട്ടത്. സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞതോടെ 15000 എങ്കിലും വേണമെന്നായി. ഇത് കൈപ്പറ്റുന്നതിനിടയിലാണ് ഇന്നലെ ഇവർ പിടിയിലായത്.
ഇങ്ങനെ ആറ് വർഷത്തെ സർവ്വീസിനിടയിൽ സ്വപ്ന വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നതാണ് വിജിലൻസ് പരിശോധിക്കുന്നത്. ഇവർക്കെതിരെ നേരത്തെ കൈക്കൂലി ആരോപണം ഉയർന്നിട്ടുണ്ടെങ്കിലും വിജിലൻസിന് തെളിവടക്കം പരാതിക്കാരൻ കൈമാറിയതോടെയാണ് കൈയ്യോടെ അറസ്റ്റ് ചെയ്യാൻ വഴിയൊരുങ്ങിയത്. സാധാരണ ഏജന്റുമാർ വഴി രഹസ്യകേന്ദ്രത്തിൽ വെച്ചാണ് ഇവർ ഇത്തരം പണം കൈമാറുന്നതെന്നാണ് വിവരം. എന്നാൽ അവധിക്ക് മക്കളുമായി നാട്ടിൽ പോകേണ്ടതിനാൽ പൊന്നുരുന്നിയിൽ വഴിയരികിൽ അപേക്ഷ നൽകിയ വ്യക്തിയോട് പണവുമായി വരാൻ ആവശ്യപ്പെടുകയായിരുന്നു. മൂന്ന് മക്കളുടെ മുന്നിൽ വെച്ചായിരുന്നു സ്വപ്ന വിജിലൻസ് പിടികൂടിയത്. അമ്മയെ കസ്റ്റഡിയിലെടുത്ത മണിക്കൂറുകളിൽ മക്കളും കാറിൽ തന്നെ കഴിച്ച് കൂട്ടി. ഒടുവിൽ അച്ഛൻ വന്ന് മക്കളെ കൂട്ടി കൊണ്ട് പോയ ശേഷമാണ് വിജിലൻസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam