
കൊച്ചി: എറണാകുളം മാർക്കറ്റിലെ കടവുഭാഗം സിനഗോഗിന് സമീപമുണ്ടായ തീവെപ്പ് സംഭവത്തിൽ പ്രതിയെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി. പുത്തൻകുരിശ് സ്വദേശിയായ എബിൻ പോൾ (32) ആണ് പിടിയിലായത്. കേവലം തീവെപ്പായി അവഗണിക്കപ്പെടാമായിരുന്ന സംഭവത്തിന്റെ സുരക്ഷാപ്രാധാന്യവും ആസൂത്രണവും തുടക്കത്തിൽത്തന്നെ തിരിച്ചറിഞ്ഞ് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയെ അതിവേഗം വലയിലാക്കാൻ സഹായിച്ചത്.
ഒക്ടോബർ 12-ന് പുലർച്ചെ 2.30-ഓടെയാണ് സംഭവം. നീല നിറത്തിലുള്ള ഇഗ്നിസ് കാറിലെത്തിയ പ്രതി, കടവുഭാഗം സിനഗോഗിന് മുൻവശത്തുള്ള ബ്ലോസം നഴ്സറിയിൽ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. തുടര്ന്ന് ആക്രമണത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ശേഷം സ്ഥലം വിട്ടു. രാത്രികാലങ്ങളിൽ മാർക്കറ്റിലെ ഭൂരിഭാഗം സിസിടിവി ക്യാമറകളും പ്രവർത്തനരഹിതമായിരുന്നത് വെല്ലുവിളിയായെങ്കിലും, ലഭ്യമായ ദൃശ്യങ്ങളും 150-ഓളം പേരിൽ നിന്ന് ശേഖരിച്ച വിവരങ്ങളും സൈബർ വിഭാഗത്തിന്റെ സഹായത്തോടെ വിശകലനം ചെയ്താണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. തുടർന്ന് പുത്തൻകുരിശിലെ വാടകവീട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയുടെ മൊബൈൽ ഫോണിൽ ആക്രമണ ദൃശ്യങ്ങൾക്ക് പുറമെ, വിദേശബന്ധമുള്ള വ്യക്തികളുമായും വിവിധ ഓൺലൈൻ ഗ്രൂപ്പുകളുമായും നടത്തിയ ആശയവിനിമയങ്ങൾ കണ്ടെത്തി. 'ബോസ്' എന്ന് വിശേഷിപ്പിക്കുന്ന ആളുടെ നിർദേശപ്രകാരമാണ് കൃത്യം നടത്തിയത്. നിർദേശിക്കുന്ന ലക്ഷ്യങ്ങളിൽ ആക്രമണം നടത്തുക, ദൃശ്യങ്ങൾ പകർത്തി അയക്കുക, ക്രിപ്റ്റോകറൻസി വഴി പ്രതിഫലം കൈപ്പറ്റുക എന്നതായിരുന്നു പ്രവർത്തനരീതി. രാജ്യത്തെ വിവിധ നഗരങ്ങളിലെ ആക്രമണ പദ്ധതികളെക്കുറിച്ചും യഹൂദ ആരാധനാലയങ്ങളെക്കുറിച്ചുമുള്ള പരാമർശങ്ങൾ സന്ദേശങ്ങളിലുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര തീവ്രവാദ ബന്ധങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കേന്ദ്ര ഏജൻസികൾ ഉൾപ്പെടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൂവാറ്റുപുഴയിൽ മുൻപ് നടന്ന തെളിയിക്കപ്പെടാത്ത തീവെപ്പ് സംഭവത്തിലും പ്രതിക്ക് പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ വിവരങ്ങൾ എറണാകുളം റൂറൽ പോലീസിന് കൈമാറി. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ കെ. പവിത്രൻ, എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബി ടോം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ പ്രതിയെ പിടികൂടി നിർണായക തെളിവുകൾ ശേഖരിച്ച കൊച്ചി സിറ്റി പോലീസിന്റെ മികവിനെ സംസ്ഥാന പോലീസ് മേധാവിയും ക്രമസമാധാന ചുമതലയുള്ള എഡിജിപി-യും പ്രശംസിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam