
കൊച്ചി: കൊച്ചി മേയര്‍ ബ്രഹ്മപുരത്ത് നിര്‍മാണം നടക്കുന്ന സിബിജി പ്ലാന്‍റ് സന്ദര്‍ശിച്ച സംഭവത്തിൽ പെരുമാറ്റ ചട്ട ലംഘനം ചൂണ്ടികാണിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പൊതുമേഖല സ്ഥാപനമായ ബി പി സി എല്ലിന്‍റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതി കോർപ്പറേഷൻ പദ്ധതിയായി ചൂണ്ടിക്കാട്ടിയെന്നാണ് പരാതി. ഇതുസംബന്ധിച്ച് കൊച്ചി മേയര്‍ അഡ്വ. അനിൽകുമാറിനെതിരെയാണ് ടിജെ വിനോദ് എംഎൽഎ പരാതി നൽകിയത്. കോര്‍പ്പറേഷനിലെ മാലിന്യത്തില്‍ നിന്ന് ഗ്യാസ് ഉത്പാദിപ്പിക്കുന്ന ബ്രഹ്‌മപുരത്തെ സിഎസ്ആര്‍ പദ്ധതിയായ പ്ലാന്റില്‍ മേയര്‍ സന്ദര്‍ശനം നടത്തുകയും പ്ലാന്‍റിന്‍റെ നിര്‍മ്മാണം ഭരണസമിതിയുടെ നേട്ടമെന്ന രീതിയില്‍ ദൃശ്യവാര്‍ത്താ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കുകയും ചെയ്തുവെന്ന് ടി ജെ വിനോദ് എംഎല്‍എ ആരോപിച്ചു.
പ്ലാന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് തന്നെ 'ഈ നേട്ടം ഇടത് ഭരണത്തിന്‍റെ കഴിവുകൊണ്ടാണ് എന്ന തരത്തിലുള്ള അവകാശവാദമുയര്‍ത്തി വോട്ട് അഭ്യര്‍ത്ഥിക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടം കര്‍ശനമായി ലംഘിക്കുന്നതാണെന്ന് ടിജെ വിനോദ് എംഎൽഎ പരാതിയിൽ ചൂണ്ടികാട്ടി. പൊതുമേഖല സ്ഥാപനമായ ഭാരത് പെട്രോളിയത്തിന്‍റെ സിഎസ്ആര്‍ ഫണ്ടിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കോര്‍പ്പറേഷന്‍റെ ഫണ്ടുമായി ബന്ധമില്ലാത്ത ഈ പദ്ധതിയുടെ രാഷ്ട്രീയ ഉടമസ്ഥാവകാശം അവകാശപ്പെടുന്നത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും വിനോദ് ആരോപിച്ചു. ഏഷ്യനെറ്റ് അടക്കം ചില ദൃശ്യ മാധ്യമങ്ങളില്‍ പ്ലാന്‍റ് സന്ദര്‍ശന ദൃശ്യങ്ങള്‍ വാര്‍ത്തയായി വന്നിരുന്നു. ഇതടക്കം അനുബന്ധമായ തെളിവുകള്‍ സഹിതമാണ് എംഎല്‍എ പരാതി നല്‍കിയത്.