
കൊച്ചി: നഗരഹൃദയത്തിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. പറവൂർ സ്വദേശി സഹീർ ആണ് നോർത്ത് പൊലീസിന്റെ പിടിയിലായത്. ഇരുനൂറിലധികം സിസിടിവി പരിശോധിച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്.
മെയ് 29 ന് രാത്രി പത്തിനാണ് ടൗൺഹാളിന് സമീപത്തെ പെട്രോൾ പമ്പിൽ മോഷണം നടന്നത്. പമ്പടച്ചതിന് പിന്നാലെ എഞ്ചിൻ ഓയിൽ ചോദിച്ച് ഹെൽമറ്റ് ധരിച്ച് എത്തിയയാൾ കത്തി കാട്ടി പണം തട്ടുകയായിരുന്നു. ജീവനക്കാരന്റെ പോക്കറ്റിലുണ്ടായിരുന്ന അയ്യായിരം രൂപ മാത്രമാണ് അക്രമിക്ക് കിട്ടിയത്. ഇരുന്നൂറോളം സിസിടിവി ക്യാമറ പരിശോധിച്ചും, മുൻ കാല കുറ്റവാളികളെ കുറിച്ച് അന്വേഷിച്ചും, സെബർ സെല്ലിന്റെ സഹായം തേടിയുമാണ് പൊലീസ് സഹീറിനെ കണ്ടെത്തിയത്.
നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിലാണ് സഹീർ മോഷണത്തിനെത്തിയത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സഹീറിനെ വിശദമായി ചോദ്യം ചെയ്യും. 2016 ൽ പറവൂരിലെ ബെവ്കോ ഔട്‌ലെറ്റ് കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിലും 2018 ൽ കളമശ്ശേരി കുസാറ്റിൽ വിദ്യാർത്ഥികളെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam