കൊടകര കുഴൽപ്പണം: 'ബിജെപിക്ക് ബന്ധമില്ല', തെരഞ്ഞെടുപ്പ് ഫണ്ടല്ലെന്നും സംഘടനാ സെക്രട്ടറി എം ഗണേഷിന്റെ മൊഴി

By Web TeamFirst Published May 28, 2021, 3:32 PM IST
Highlights

പണം കൊണ്ടുവന്നത് ആലപ്പുഴ ജില്ല ട്രഷറർക്ക് നൽകാനെന്ന ധർമ്മരാജന്റെ മൊഴിയെ കുറിച്ച് അറിയില്ലെന്നും ഗഷേഷ് അന്വേഷണ സംഘത്തിന് മൊഴി നൽകിയതായാണ് വിവരം.

തൃശൂർ: കൊടകര കുഴൽപ്പണ കേസില്‍ കവർച്ച ചെയ്യപ്പെട്ട പണവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേഷന്റെ മൊഴി. പണം ബി ജെ പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടല്ലെന്നും കേസില്‍ പരാതിക്കാരനായ ധര്‍മ്മരാജനെ വിളിച്ചത് സംഘടനാപരമായ കാര്യങ്ങള്‍ സംസാരിക്കാനാണെന്നും ഗണേഷ് മൊഴി നല്‍കി. 

ആർഎസ്എസ് നേതാവ് ധർമ്മരാജനെയും മുൻ യുവമോർച്ച സംസ്ഥാന നേതാവ് സുനിൽനായക്കിനെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന നേതാക്കളിലേക്ക് അന്വേഷണം എത്തിയിരിക്കുന്നത്. മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ നിർണ്ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. കവര്‍ച്ച ചെയ്യപ്പെട്ടത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടല്ലെന്ന നിലപാടില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേഷ് ഉറച്ചുനിന്നു. ധര്‍മ്മരാജനുമായി എന്തു ബന്ധമാണെന്നും പണം കവര്‍ച്ച ചെയത ശേഷം ധര്‍മ്മരജമെ ഫോണില്‍ ബന്ധപ്പെട്ടതെന്തിനാണെന്നും അന്വേഷണസംഘം ചോദിച്ചു. ധര്‍മ്മരാജനെ അറിയാം എന്നാല്‍ പണത്തെകുറിച്ച് സംസാരിച്ചിട്ടില്ലെന്നായിരുന്നു മറുപടി.

തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിന്റെ ചുമതല ധര്‍മ്മരാജനെ ഏല്‍പ്പിച്ചിരുന്നു. ഇതേ കുറിച്ച് സംസാരിക്കാനാണ് വിളിച്ചതെന്നും എം ഗണേഷ് മൊഴി നല്‍കി. ആലപ്പുഴ ജില്ല ട്രഷറർക്ക് നൽകാനാണ് പണം കൊണ്ടുവന്നതെന്ന ധർമ്മരാജന്റെ മൊഴിയെ കുറിച്ച് അറിയില്ലെന്നും ഗണേഷ് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. 

അതേ സമയം പണവുമായി എത്തിയ സംഘത്തിന് തൃശൂരില്‍ ഹോട്ടലിൽ റൂം എടുത്ത് നൽകിയത് ബിജെപി ജില്ല ഓഫീസ് സെക്രട്ടറി സതീശനാണെന്ന് പൊലീസ് കണ്ടെത്തി. ജില്ല നേതൃത്വത്തിന്റെ നിർദേശമനുസരിച്ചാണ് മുറിയെടുത്ത് നൽകിയതെന്ന്  ഓഫീസ് സെക്രട്ടറി പ്രതികരിച്ചു. ഇദ്ദേഹത്തെ വരും ദിവസങ്ങളിൽ അന്വേഷണ സംഘം ചോദ്യം ചെയ്യും. കാറിൽ കൊണ്ടുപോയ പണം ബിജെപിയുടേതാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. 

കവർച്ച കേസിൽ ബിജെപി നേതാക്കൾക്ക് ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. പക്ഷേ, പണത്തിന്റെ ഉറവിടത്തിൽ ബിജെപി ബന്ധമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഫണ്ടായിരുന്നു കൊടകരയിൽ നഷ്ടപ്പെട്ടതെന്ന് പൊലീസിന് വിവരം കിട്ടി. പരാതിക്കാരനായ ധർമരാജൻ സംഭവ ശേഷം വിളിച്ച ഫോൺ കോളുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!