
തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ കെ സുരേന്ദ്രൻ്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒന്നരമണിക്കൂർ നേരമാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ സുരേന്ദ്രനെ സ്വാഗതം ചെയ്യാൻ ബിജെപി പ്രവർത്തകർ കൂട്ടം ചേർന്നെത്തി. വിചിത്രമായ അന്വേഷണമാണ് നടക്കുന്നതെന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം സുരേന്ദ്രൻ്റെ പ്രതികരണം. ഉത്തരവാദിത്വപ്പെട്ട പൊതുപ്രവർത്തകൻ എന്ന നിലയ്ക്കാണ് ഹാജരായതെന്നും കേസുമായി ബിജെപിക്ക് ഒരു ബന്ധവുമില്ലെന്നും സുരേന്ദ്രൻ ആവർത്തിച്ചു.
കവർച്ചക്കേസിലെ പരാതിക്കാരനായ ധർമരാജനും കെ സുരേന്ദ്രനും തമ്മിൽ ഫോണിൽ സംസാരിച്ചു എന്ന നിഗമനത്തിലാണ് സുരേന്ദ്രനെ പൊലീസ് വിളിപ്പിച്ചത്. മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം കവർന്ന ദിവസം പുലർച്ചെ കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധർമരാജൻ വിളിച്ചിരുന്നു. ഇതു കൂടാതെ കോന്നിയിൽ കെ സുരേന്ദ്രനും ധർമ്മരാജനും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിൻ്റെ തെളിവുകളും പൊലീസിൻ്റെ പക്കലുണ്ട്.
നഷ്ടപ്പെട്ട കുഴൽപ്പണം ബിജെപിയുടേതാണെന്ന നിലപാടിലാണ് അന്വേഷണ സംഘം. നേരത്തെ ജൂലായ് 6 ന് ഹാജരാകാനാണ് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നതെങ്കിലും കെ സുരേന്ദ്രൻ കൂടുതൽ സമയം ചോദിച്ചു വാങ്ങുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam