കൊടകര കുഴൽപ്പണക്കേസ്: പണം കൈപ്പറ്റേണ്ടിയിരുന്ന ആളെ ചോദ്യം ചെയ്യുമെന്ന് സൂചന

By Web TeamFirst Published May 24, 2021, 8:45 AM IST
Highlights

കുഴൽപണം കൊണ്ടുപോകുന്ന വിവരം കവർച്ച സംഘത്തിന് ആര് ചോർത്തി നൽകിയെന്ന കാര്യമാണ് അന്വേഷണ സംഘത്തിന് ഇനി തെളിയിക്കേണ്ടത്. 

തൃശ്ശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പണം കൈപ്പറ്റേണ്ടിയിരുന്ന ആലപ്പുഴ സ്വദേശിയെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യുമെന്ന് സൂചന. ബിജെപി ബന്ധമുള്ള കർണാടകയിലെ ചിലരാണ് മൂന്നര കോടി രൂപയുടെ കുഴൽപണം കേരളത്തിലേക്ക് അയച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ആലപ്പുഴ സ്വദേശിയിൽ നിന്ന് നിർണായക വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. 

ഇതിനിടെ ബിജെപി സംഘടന ജനറൽ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന കമ്മിറ്റി ഓഫീസിൻ്റെ ചുമതലയുള്ള സെക്രട്ടറി ഗിരീഷ് എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാവാൻ വീണ്ടും നോട്ടീസ് അയക്കും. കഴിഞ്ഞ ദിവസം തൃശ്ശൂർ പൊലീസ് ക്ലബിലെത്താൻ നിർദേശം നൽകിയെങ്കിലും അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി ഇരുവരും ഹാജരായിരുന്നില്ല. ബിജെപിയുടെ കൂടുതൽ നേതാക്കളെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. കേസുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ല കമ്മിറ്റി നേതാക്കളെ വിശദമായി ചോദ്യം ചെയ്തിരുന്നു. 

കുഴൽപണം കൊണ്ടുപോകുന്ന വിവരം കവർച്ച സംഘത്തിന് ആര് ചോർത്തി നൽകിയെന്ന കാര്യമാണ് അന്വേഷണ സംഘത്തിന് ഇനി തെളിയിക്കേണ്ടത്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!