ശബരിമല സ്വര്‍ണക്കൊള്ള കേസിൽ കുറ്റപത്രം ഉടൻ സമര്‍പ്പിക്കാൻ അന്വേഷണ സംഘം. കുറ്റപത്രത്തിന്‍റെ കരട് തയ്യാറായി. ഈ മാസം ആദ്യം തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് എസ്ഐടി നീക്കം
തിരുവനന്തപുരം:ശബരിമല സ്വര്‍ണക്കൊള്ള കേസിൽ കുറ്റപത്രം ഉടൻ സമര്‍പ്പിക്കാൻ അന്വേഷണ സംഘം. കുറ്റപത്രത്തിന്‍റെ കരട് തയ്യാറായി. ഈ മാസം ആദ്യം തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് എസ്ഐടി നീക്കം. ഇതിനിടെ, കേസിലെ മുഖ്യസാക്ഷികല്‍ കോടതിയിൽ രഹസ്യമൊഴി നൽകി. ജ്വല്ലറി ജീവനക്കാരനായ കൽപേഷ് അടക്കമുള്ളവരാണ് കോടതിയിൽ രഹസ്യ മൊഴി നൽകിയത്. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷനിൽ നിന്നും സ്വര്‍ണം കൽപേഷാണ് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന് എത്തിച്ചത്. കേസിൽ അറസ്റ്റിലായ ചിലരെ മാപ്പു സാക്ഷികളാക്കാനും നീക്കമുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ അടുത്ത അനുയായികളും കേസിൽ സാക്ഷികളാണ്. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഈ മാസം ഒമ്പതിന് നൽകും. കുറ്റപത്രം സമര്‍പ്പിക്കാൻ വൈകുന്നതിൽ നേരത്തെ കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രതികള്‍ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തത് പ്രതികള്‍ക്ക് സ്വഭാവിക ജാമ്യം ലഭിക്കുന്നതിലേക്ക് നയിച്ചിരുന്നു. പ്രതികള്‍ ഒരോരുത്തരായി ജാമ്യം തേടി പുറത്തിറങ്ങുകയാണ്. ഇതിനിടെയാണ് കുറ്റപത്രം വേഗത്തിൽ സമര്‍പ്പിക്കാനുള്ള നടപടികളുമായി എസ്ഐടി മുന്നോട്ടുപോകുന്നത്. അടുത്തയാഴ്ച കോടതിയിൽ നൽകുന്ന അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിൽ നിര്‍ണായക വിവരങ്ങളുണ്ടെന്നാണ് സൂചന.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ റിമാന്‍ഡിലുള്ള തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും തന്ത്രി കണ്ഠര് രാജീവര്‍ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമാണുള്ളതെന്നും ഗൂഢാലോചനയിൽ അടക്കം പങ്കുണ്ടെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തൽ. എന്നാൽ, സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും അചാരങ്ങൾ പാലിച്ച് മാത്രം പ്രവർത്തിച്ചയാളാണ് താനെന്നുമാണ് തന്ത്രി കണ്ഠര് രാജീവരുടെ വാദം.
കേസിൽ ഇതുവരെ മൂന്നു പ്രതികളാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. 90 ദിവസം റിമാൻഡ് പൂർത്തിയായതിന് പിന്നാലെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. എന്നാൽ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ശ്രീകുമാറിന് 43ാം ദിവസമാണ് കോടതി ജാമ്യം നൽകിയത്. ദ്വാരപാലക ശില്പ കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ച ഉണ്ണികൃഷ്ണൻ പോറ്റി കട്ടിളപ്പാളി കേസിലും ജാമ്യഹർജി സമർപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കും. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യത്തിലിറങ്ങുന്നത്.



