'പെരിയക്ക് പകരം വീട്ടാൻ നടത്തിയ കൊല', കോൺഗ്രസ് ഉന്നത നേതാക്കൾക്ക് പങ്കെന്നും കോടിയേരി, കുടുംബത്തെ എറ്റെടുക്കും

By Web TeamFirst Published Sep 3, 2020, 4:39 PM IST
Highlights

'ഇരട്ട കൊലപാതകത്തിനു പകരം മറ്റൊരു കൊലപാതകം ചെയ്ത് ശക്തി തെളിയിക്കാൻ സിപിഎം ഉദ്ദേശിക്കുന്നില്ല. ബാലറ്റിലൂടെ വേണം ജനങ്ങൾ ഇതിന് പ്രതികാരം ചെയ്യാൻ' 

തിരുവനന്തപുരം: വെഞ്ഞാറമ്മൂടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകം ആസൂത്രിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പെരിയ കൊലപാതകത്തിന് പകരം വീട്ടാൻ നടത്തിയ കൊലപാതകമാണ് വെഞ്ഞാറമ്മൂടേത്. പെരിയയിൽ നടന്ന ആക്രമണത്തിന് ഞങ്ങൾ പകരം വീട്ടുമെന്ന് കോൺഗ്രസിന്‍റെ പല സമുന്നതരായ നേതാക്കളും നേരത്തെ പ്രഖ്യാപിച്ചിരുന്നു. അത് കൊണ്ട് തന്നെ ഇത് ആസുത്രിതമായി നടന്ന കൊലയാണ്. സംഭവത്തിൽ കോൺഗ്രസിന്‍റെ പല ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്നും കോടിയേരി ആരോപിച്ചു.

കോൺഗ്രസ് രക്തസാക്ഷികളെ അപമാനിക്കുകയാണ്. കോൺഗ്രസിന് കേരളം മാപ്പു കൊടുക്കില്ല. ഇരട്ട കൊലപാതകത്തിനു പകരം മറ്റൊരു കൊലപാതകം ചെയ്ത് ശക്തി തെളിയിക്കാൻ സിപിഎം ഉദ്ദേശിക്കുന്നില്ല. ബാലറ്റിലൂടെ വേണം ജനങ്ങൾ ഇതിന് പ്രതികാരം ചെയ്യാൻ. കോൺഗ്രസ് പ്രകോപനത്തിൽ ആരും പെട്ടു പോകരുത്. അക്രമത്തിനു പകരം അക്രമം പാടില്ല. കോൺഗ്രസുകാരുടെ വീടോ ഓഫീസോ ആക്രമിക്കാൻ സിപിഎം ഇല്ലെന്നും കോടിയേരി വ്യക്തമാക്കി. കൊല്ലപ്പെട്ട മുഹമ്മദ് ഹക്ക്,മിഥിലാജ് എന്നിവരുടെ കുടുംബത്തിന്‍റെ സംരക്ഷണം സിപിഎം ഏറ്റെടുക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. 

 

click me!