
തിരുവനന്തപുരം: പേരിൽ നിന്ന് അടൂർ മാറ്റണമെന്ന ആവശ്യമുന്നയിക്കുന്ന എസ്എഫ്ഐ ഫേസ്ബുക്ക് കുറിപ്പിന് മറുപടിയുമായി അടൂർ പ്രകാശ്. വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകവുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന സിപിഎം ആരോപണത്തിന് പിന്നാലെയായിരുന്നു എസ്എഫ്ഐയുടെ ഫേസ്ബുക്ക് കുറിപ്പ്.
അടൂർ സാംസ്കാരിക നായകന്മാർക്ക് ജന്മം നൽകിയ നാടാണെന്നും കൊലയാളിക്ക് ആ പേര് ചേർക്കുന്നത് അപമാനമാണെന്നുമായിരുന്നു എസ്എഫ്ഐ അടൂർ ഏരിയാ കമ്മിറ്റിയുടെ കുറിപ്പ്. എന്നാൽ കുട്ടികൾ ജനിക്കുംമുമ്പ് തന്നോട് ചേർന്ന് നിൽക്കുന്നതാണ് അടൂരെന്ന്, ചരിത്രം എണ്ണിപ്പറഞ്ഞ് അടൂർ പ്രകാശ് മറുപടി കുറിപ്പെഴുതി. ആവശ്യം അന്യായമായതുകൊണ്ട് തള്ളുന്നതായും പരിഹാസ സ്വരത്തിൽ അടൂർ പ്രകാശ് കുറിക്കുന്നു.
കുറിപ്പിങ്ങനെ...
രാവിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി #രാഹുൽമാംങ്കൂട്ടത്തിൽ എന്നെ വിളിച്ചപ്പോഴാണ് അടൂരിലെ SFI കുട്ടികൾക്ക് എൻ്റെ പേരായ അടൂർ പ്രകാശിലെ 'അടൂർ' എടുത്ത് മാറ്റണം എന്ന് ഒരു ആവശ്യം ഉണ്ട് എന്ന് പറയുന്നത്. പകരം "ആറ്റിങ്ങൽ പ്രകാശ്" എന്നാക്കിയാലോ എന്നൊരു അഭിപ്രായവും രാഹുൽ പങ്കുവെച്ചു.
അടൂരിലെ SFIക്കാരായ എൻ്റെ കുഞ്ഞ് അനുജന്മാരോട് പറയട്ടെ. നിങ്ങളൊക്കെ ജനിക്കും മുൻപാണ് അതായത് ഞാൻ കൊല്ലം SN കോളേജിൽ KSU യൂണിറ്റ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് #അടൂർപ്രകാശ് എന്ന പേര് സ്വീകരിച്ചത്.
അടൂർ പ്രകാശ് എന്ന പേരിലാണ് ഞാൻ 1996-ൽ (അന്നും നിങ്ങൾ ജനിച്ചു കാണാനിടയില്ല) കോന്നി എന്ന ഇടത് കോട്ടയിൽ പോയി മത്സരിക്കുന്നതും ജയിക്കുന്നതും. തുടർന്ന് 23 വർഷക്കാലം കോന്നിക്കാരുടെ സ്നേഹവും പിന്തുണയും ഏറ്റുവാങ്ങി ഞാൻ അവരിൽ ഒരാളായി കോന്നി MLA ആയിരിക്കുമ്പോഴും എൻ്റെ പേര് 'അടൂർ പ്രകാശ്' എന്നായിരുന്നു.
കഴിഞ്ഞ വർഷമാണ് പാർട്ടി നിർദ്ദേശിച്ചത് അനുസരിച്ച് ഞാൻ ആറ്റിങ്ങൽ എന്ന മറ്റൊരു ഇടത് കോട്ടയിൽ മത്സരിക്കാനെത്തിയത്. അവിടുത്തെ 'സീനിയറായ' എം.പിയെ പരാജയപ്പെടുത്തിയാണ് ആറ്റിങ്ങലുകാരുടെ കലർപ്പില്ലാത്ത സ്നേഹം ഏറ്റുവാങ്ങി ഞാൻ ആറ്റിങ്ങൽ MP ആയത്. അപ്പോഴും എൻ്റെ പേര് 'അടൂർ പ്രകാശ്' എന്നായിരുന്നു.
കോന്നിയെയും ആറ്റിങ്ങലിനെയും ഹൃദയത്തോട് ചേർത്തു വെക്കുമ്പോഴും എൻ്റെ പേര് 'അടൂർ പ്രകാശ്' എന്ന് തന്നെയാണ്. കാരണം എൻ്റെ അച്ഛൻ്റെ പേര് സഖാവ് അടൂർ കുഞ്ഞുരാമൻ എന്നാണ്.
നിങ്ങൾ പലപ്പോഴായി എന്നോട് ആവശ്യപ്പെട്ടത് എന്നെക്കൊണ്ട് പറ്റുന്ന ന്യായമായ എല്ലാ ആവശ്യങ്ങളും പാർട്ടി നോക്കാതെ ഞാൻ ചെയ്തു തന്നിട്ടുള്ളത് നിങ്ങൾക്ക് അറിവുള്ളതാണെല്ലോ!
(നിങ്ങൾക്ക് അറിവില്ലാത്ത കാര്യങ്ങൾ അറിവുള്ളവരോട് ചോദിച്ചാൽ അവർ ക്യാപ്‌സൂൾ രൂപത്തിൽ പറഞ്ഞുതരും.)
എന്നാൽ പേര് മാറ്റണം എന്ന SFI കുട്ടികളുടെ ആവശ്യം അന്യായമായത് കൊണ്ട് ആ ആവശ്യം തള്ളിക്കളയുന്ന വിവരം കുഞ്ഞ് അനുജന്മാരെ അറിയിക്കുന്നു.
രാവിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി #രാഹുൽമാംങ്കൂട്ടത്തിൽ എന്നെ വിളിച്ചപ്പോഴാണ് അടൂരിലെ SFI കുട്ടികൾക്ക്...
Posted by Adoor Prakash on Thursday, September 3, 2020
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam