
കണ്ണൂർ: കെ വി തോമസിന്‍റേത് സ്വാഗതാർഹമായ തീരുമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അദ്ദേഹം രാജി വച്ച് വന്നാൽ സ്വീകരിക്കുന്നതിൽ തടസ്സമൊന്നുമില്ലെന്നും കോടിയേരി കണ്ണൂരിൽ പറഞ്ഞു. എന്ത് വേണമെന്നത് കെ വി തോമസാണ് തീരുമാനിക്കേണ്ടത്, കോൺഗ്രസ് വിട്ടു വന്നാൽ ഇടത് പക്ഷവുമായി സഹകരിപ്പിക്കുന്നത് പരിഗണിക്കാവുന്നതാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. സിപിഎമ്മുമായി സഹകരിക്കാൻ തയ്യാറായി നേരത്തെയും പല കോൺഗ്രസ് നേതാക്കളുമെത്തിയിരുന്നു. അവരാരും വഴിയാധാരമായിട്ടില്ലെന്നാണ് കോടിയേരിയുടെ ഓർമ്മപ്പെടുത്തൽ.
ശശി തരൂർ ആദ്യം വരാമെന്ന് പറഞ്ഞതാണ്, ഹൈക്കമാൻഡ് വിലക്കിയെന്നും വരാൻ പറ്റില്ലെന്നും കോടിയേരി അറിയിച്ചു. പങ്കെടുക്കുന്നവരെല്ലാം സിപിഎമ്മിന്‍റെ അഭിപ്രായം പറയണമെന്നില്ല, വ്യത്യസ്ഥ അഭിപ്രായങ്ങൾ പറയാനുള്ള അവസരമുണ്ടാക്കാനാണ് സെമിനാറുകൾ നടത്തുന്നത്. സിപിഎമ്മിന്‍റെ അഭിപ്രായം പറയാൻ സിപിഎം നേതാക്കൾ മതിയല്ലോ, മറ്റുള്ള ആളുകളെയും ക്ഷണിച്ചിരിക്കുന്നത് ബഹുസ്വരതയ്ക്ക് പ്രധാന്യം കൊടുക്കുന്നത് കൊണ്ടാണ്. മറ്റുള്ളവർക്കും ഞങ്ങളുടെ വേദിയിൽ വന്ന് അഭിപ്രായം പറയാൻ അവസരം നൽകുകയാണ്. കോടിയേരി വിശദീകരിക്കുന്നു.
കണ്ണൂരിലായത് കൊണ്ട് വരുന്നില്ലെന്ന് ചിലർ പറയുന്നത് കേട്ടു. അങ്ങനെ പറയുന്നതിൽ അർത്ഥമില്ല. എറണാകുളത്തായിരുന്നു സംസ്ഥാന സമ്മേളനം അവിടേക്ക് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു, പക്ഷേ വന്നില്ല. അവരുടെ നിലപാടിന്‍റെ ഭാഗമാണ് സിപിഎമ്മുമായി സഹകരിക്കേണ്ടെന്ന്. ബിജെപിക്ക് അലോസരമുണ്ടാക്കുന്ന കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്, ബിജെപിക്ക് അലോസരമുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യാൻ കേരളത്തിലെ കോൺഗ്രസ് തയ്യാറല്ല, ഇവിടെ വന്നാൽ ബിജെപിയെ എതിർക്കേണ്ടി വരും. കേരളത്തിലെ കോൺഗ്രസ് സിപിഎമ്മിനെ എതിർക്കാനാണ് താൽപര്യമെന്നാണ് കോടിയെരിയുടെ കുറ്റപ്പെടുത്തൽ.
കെ വി തോമസിനെ സ്ഥാനാർത്ഥിയാക്കുമെന്ന് വാർത്തളുണ്ടല്ലോയെന്ന് ചോദിച്ചാൽ അത്രയും ഞങ്ങൾ പോലും ചിന്തിച്ചിട്ടില്ലല്ലോയെന്നായിരുന്നു കോടിയേരിയുടെ മറുപടി. അത്രയും കടന്ന് ചിന്തിക്കരുതെന്നും മാധ്യമപ്രവർത്തകർക്ക് കോടിയേരി ചിരിച്ചുകൊണ്ടുത്തരം നൽകി.