സമുദായസംഘടന രാഷ്ട്രീയത്തില്‍ ഇടപെടേണ്ട; എന്‍എസ്എസിനെതിരെ ആഞ്ഞടിച്ച് കോടിയേരി

By Web TeamFirst Published Oct 16, 2019, 1:06 PM IST
Highlights

സമുദായ സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ല. രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്നും കോടിയേരി. 

ആലപ്പുഴ: എന്‍എസ്എസ് നിലപാട് എല്‍ഡിഎഫിന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന്  സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തങ്ങളുടെ നിലപാട് അവരുടെ മേലും അടിച്ചേൽപ്പിക്കില്ല. എൻഎസ്എസ്സിന് സ്വന്തം നിലപാട് സ്വീകരിക്കാൻ സ്വാതന്ത്ര്യമുണ്ട്. രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു. 

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാതെ സമുദായ സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ല. അത് ശരിയായ സന്ദേശമല്ല നല്‍കുന്നത്. തങ്ങളുടെ ഒപ്പമാണ് എന്‍എസ്എസ് എന്ന് മൂന്നു മുന്നണികള്‍ക്കും തീരുമാനിക്കാൻ കഴിയുന്ന രീതിയിലാണ് എൻഎസ്എസിനെ ശരി ദൂരം നിലപാട്.  യുഡിഎഫിനൊപ്പം ആണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞിട്ടില്ല. വട്ടിയൂർക്കാവിലെ കോൺഗ്രസുകാരാണ് എൻഎസ്എസ് നിലപാട് അങ്ങനെയാണെന്ന് വ്യാഖ്യാനിച്ചത്.

Read Also: ശബരിമലയില്‍ പോകുന്നവരില്‍ മുന്നിലുള്ളത് കമ്മ്യൂണിസ്റ്റുകാരെന്ന് കോടിയേരി

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഇതിൽ യാതൊരു രീതിയിലുള്ള ബേജാറും ഇല്ല. മുമ്പും ഇതുപോലെയുള്ള നിലപാടുകൾ സ്വീകരിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ശരിദൂര നിലപാട് സ്വീകരിക്കാനുള്ള പ്രധാന കാരണം ശബരിമലയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി  സുകുമാരന്‍ നായര്‍ ഇന്ന് അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ വിശ്വാസം ഇല്ലാതാക്കാന്‍ നിലകൊണ്ടു. എന്‍എസ്എസ് നേത‍ൃത്വം പറഞ്ഞാല്‍ അംഗങ്ങള്‍ കേള്‍ക്കില്ല എന്ന വാദം സമുദായ അംഗങ്ങള്‍ പുച്ഛിച്ചു തള്ളുമെന്നും സുകുമാരന്‍ നായര്‍ അവകാശപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.

വിജയദശമി ദിന സന്ദേശത്തിലാണ്, സമദൂരത്തിനിടയിലും ഉപതെര‍ഞ്ഞെടുപ്പില്‍ ശരിദൂരം സ്വീകരിക്കണമെന്ന് സമുദായംഗങ്ങളോട് ജി സുകുമാരന്‍ നായര്‍ ആഹ്വാനം ചെയ്തത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിശ്വാസികളെ വഞ്ചിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. 

Read Also: ശബരിമല: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഞ്ചിച്ചു; 'ശരിദൂര'ത്തിന് ആഹ്വാനം ചെയ്ത് എന്‍എസ്എസിന്‍റെ വിമര്‍ശനം


 

click me!