Asianet News MalayalamAsianet News Malayalam

ശബരിമല: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഞ്ചിച്ചു; 'ശരിദൂര'ത്തിന് ആഹ്വാനം ചെയ്ത് എന്‍എസ്എസിന്‍റെ വിമര്‍ശനം

വിശ്വാസപ്രശ്നത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നാണ് ഉപതെരഞ്ഞടുപ്പ് കാലത്ത് എൻഎസ്എസ് ആവർത്തിക്കുന്നത്. ശബരിമലവിഷയത്തിൽ മാത്രമല്ല സംസ്ഥാന സർക്കാറിനുള്ള വിമർശനം

nss general secretary g sukumaran nair criticize kerala-central government
Author
Thiruvananthapuram, First Published Oct 8, 2019, 6:27 PM IST

തിരുവനന്തപുരം: ശബരിമല പ്രശ്നം വീണ്ടും ഉയർത്തി കേന്ദ്ര-സംസ്ഥാന സർക്കാറുകളെ രൂക്ഷമായി വിമർശിച്ച് എൻഎസ്എസ്. രണ്ട് സർക്കാരുകളും വിശ്വാസികളെ വഞ്ചിച്ചെന്ന് വിജയദശമി ദിന സന്ദേശത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ കുറ്റപ്പെടുത്തി. സമദൂരത്തിനിടയിലും ഉപതെരഞ്ഞെടുപ്പിൽ ശരിദൂരം കണ്ടെത്തണമെന്ന ആഹ്വാനവും അദ്ദേഹം നല്‍കി.

വിശ്വാസപ്രശ്നത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നാണ് ഉപതെരഞ്ഞടുപ്പ് കാലത്ത് എൻഎസ്എസ് ആവർത്തിക്കുന്നത്. ശബരിമലവിഷയത്തിൽ മാത്രമല്ല സംസ്ഥാന സർക്കാറിനുള്ള വിമർശനം. മുന്നോക്കക്കാരിലെ പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണ പ്രശ്നവും മന്നത്ത് പത്മനാഭന്‍റെ ജന്മദിനം പൊതു അവധിയാക്കണമെന്ന ആവശ്യം പരിഗണിക്കാത്തതുമൊക്കെ ഉന്നയിച്ചാണ് പിണറായി സര്‍ക്കാരിനെതിരായ സുകുമാരൻ നായരുടെ കുറ്റപ്പെടുത്തൽ.

ശബരിമല പ്രശ്നം ഉയർത്തി വോട്ട് തേടുന്ന ബിജെപിയെയും വെട്ടിലാക്കുന്നതാണ് എൻഎസ്എസ് നിലപാട്. ഫലത്തിൽ ശരിദൂരപ്രഖ്യാപനം തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്ക് കൂട്ടലിലാണ് യുഡിഎഫ്.

ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തും നിരവധി തവണ സംസ്ഥാന സർക്കാറും എൻഎസ്എസും ഏറ്റുമുട്ടിയിരുന്നു. അനുനയനീക്കങ്ങളെല്ലാം തള്ളിയ എൻഎസ്എസ് ഇടക്കാലത്തെ നിശ്ശബ്ദത വിട്ട് വീണ്ടും വിമർശനം തുടങ്ങിയത് ഇടതിനെ മാത്രമല്ല ബിജെപിയെയും സമ്മർദ്ദത്തിലാക്കുന്നു. എൻഎസ്എസ് വിമർശനം ശബരിമല ആവർത്തിച്ച് ഉന്നയിക്കുന്ന യുഡിഎഫിനുള്ള മികച്ച ആയുധവുമായി.

Follow Us:
Download App:
  • android
  • ios