ആലപ്പുഴ: ശബരിമലയിൽ പോകുന്നവരുടെ എണ്ണം നോക്കിയാൽ ഒന്നാം സ്ഥാനത്തുള്ളത് കമ്മ്യൂണിസ്റ്റുകാരായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എല്‍ഡിഎഫ് ഒരു വിശ്വാസികൾക്കും എതിരല്ല. മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് ദേവസ്വം ബോർഡില്‍ സംവരണം കൊണ്ടുവന്ന ഏക സംസ്ഥാനം കേരളമാണെന്നും കോടിയേരി പറഞ്ഞു.

ശബരിമലയിൽ പോകുന്നവരല്ലാം  കോൺഗ്രസുകാരാണന്നാണ് ചിലരുടെ ധാരണ. ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ശബരിമല സന്ദർശിച്ചപ്പോൾ, ലാൽസലാം വിളിച്ചാണ് അവിടെയുളളവർ തന്നെ അഭിവാദ്യം ചെയ്തതെന്ന് കോടിയേരി പറഞ്ഞു.  മതവും ജാതിയും പറഞ്ഞു യുഡിഎഫ് വോട്ട് പിടിക്കുകയാണ്. വര്‍ഗീയധ്രുവീകരണത്തിനാണ് അവരുടെ ശ്രമം. 

അരൂരില്‍ ഇടതുസ്ഥാനാര്‍ത്ഥി മനു സി പുളിക്കലിനെതിരെ മതപരമായ ധ്രുവീകരണത്തിന് രമേശ് ചെന്നിത്തല ശ്രമിക്കുന്നു. ഹിന്ദുമത വിശ്വാസി ആയ ശങ്കർ റെയെ തോൽപ്പിക്കണം എന്നാണ് കാസര്‍കോട്ട് യുഡിഎഫിന്‍റെ പ്രചാരണം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത് ഇടതു സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രൻ അവിശ്വാസി ആണെന്നായിരുന്നു. ഗീബൽസിയൻ തന്ത്രമാണ് കോൺഗ്രസിന്‍റേത്.

കൂടത്തായി കേസ് തെളിയിച്ച പൊലീസിന് വേണ്ടി അരൂരില്‍ മനു സി പുളിക്കലിന് വോട്ടുനല്‍കണമെന്ന് കോടിയേരി പറഞ്ഞു. കൂടത്തായിയിലെ കൊടുംകുറ്റവാളിയെ പിടികൂടിയത് ഇടതുസര്‍ക്കാരാണ്.  കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍  പറയുന്നതുപോലെ  തെരഞ്ഞെടുപ്പ് കഴിഞ്ഞു അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ കാര്യങ്ങള്‍ നല്ല 'ജോളി' ആയേനെ. പുന്നപ്ര-വയലാർ സമര ദിനം കോൺഗ്രസ്‌ വഞ്ചനാദിനമായി ആചരിച്ചതിൽ മാപ്പ് പറയാൻ  മുല്ലപ്പള്ളി രാമചന്ദ്രന്‍  തയ്യാറാകുമോ. 

രാജ്യവ്യപകമായി ഒരു കൂട്ടക്കരച്ചിൽ കോൺഗ്രസ് നടത്തണം. കോൺഗ്രസ് നേതാക്കളെ റെയ്ഡ് ചെയ്യുമ്പോൾ കരയാൻ പോലും കോൺഗ്രസുകാർക്ക് സാധിക്കുന്നില്ല. നേതാക്കൾ ഓരോരുത്തരായി ജയിലിൽ പോകുന്നത് നോക്കി നിൽക്കുകയാണ് കോൺഗ്രസ്. കരഞ്ഞാൽ കരയുന്നവരെയും അറസ്റ്റ് ചെയ്യും. അങ്ങനെയുള്ള കോൺഗ്രസിന് ബിജെപി യെ എതിർക്കാൻ ശക്തിയില്ല.

സവർക്കർക്ക്‌ ഭാരതരത്നം നൽകി ആദരിക്കണം എന്ന് പറയുന്ന അവസ്ഥയിലേക്ക്, ആർഎസ്എസ് ഭരിക്കുന്ന രാജ്യം മാറിയിരിക്കുന്നു. പട്ടിണിയിൽ മുന്നിൽ ഉള്ള രാജ്യം ആയി ബിജെപി ഇന്ത്യയെ മാറ്റിയെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.