ഗവർണർ കൈവിട്ട കളി കളിക്കുന്നുവെന്ന് കോടിയേരി; ഭരണഘടനാനുസൃതമായി സർക്കാർ ഇടപെടുമെന്ന് മുന്നറിയിപ്പ്

Published : Aug 12, 2022, 02:09 PM ISTUpdated : Aug 12, 2022, 02:23 PM IST
ഗവർണർ കൈവിട്ട കളി കളിക്കുന്നുവെന്ന് കോടിയേരി; ഭരണഘടനാനുസൃതമായി സർക്കാർ ഇടപെടുമെന്ന് മുന്നറിയിപ്പ്

Synopsis

ഗവർണറുടെ ഇടപെടൽ  ജനാധിപത്യ പ്രക്രിയയെ ദുർബലമാക്കുമെന്ന് കോടിയേരി. ത്തരത്തിലാണെങ്കിൽ ഭരണഘടനാനുസൃതമായി സർക്കാരിനും ഇടപെടേണ്ടി വരുമെന്ന് കോടിയേരി 

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ള ഓർഡിനൻസുകളിൽ ഒപ്പിടാൻ കൂട്ടാക്കാതെ സർക്കാരിനെ സമ്മർദ്ദത്തിലാക്കിയ ഗവർണറെ കടന്നാക്രമിച്ച് സിപിഎം. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ  ഇടപെടൽ ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബോധപൂർവം ഗവർണർ കൈവിട്ട് കളിക്കുകയാണ്. ഇത് ജനാധിപത്യ പ്രക്രിയയെ ദുർബലമാക്കുമെന്ന് കോടിയേരി ആരോപിച്ചു. ഗവർണറെ സംസ്ഥാന സർക്കാരിനെതിരെ തിരിക്കുകയാണ് ബിജെപി.  ഗവർണറെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കുന്നതാണ് മറ്റ് സംസ്ഥാനങ്ങളിലെ രീതി. കേരളത്തിലും അതിനുള്ള ശ്രമം നടക്കുകയാണെന്നും കോടിയേരി ആരോപിച്ചു. 

ഗവർണറുടെ ഇടപെടലിന്റെ കാഠിന്യം കൂടിയിരിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. പ്രധാന ഓർഡിനൻസുകൾ പോലും തടസപ്പെടുത്തുന്നു. പോകുമ്പോൾ പതിനൊന്നും പോകട്ടെ എന്ന നിലപാടാണ് ഓർഡിനൻസിന്റെ കാര്യത്തിൽ ഗവർണർ സ്വീകരിച്ചത്. ഓർഡിനൻസ് പ്രശ്നത്തിൽ സഭ സമ്മേളിക്കേണ്ട സ്ഥിതി വന്നു. ഇത്തരത്തിലാണെങ്കിൽ ഭരണഘടനാനുസൃതമായി സർക്കാരിനും ഇടപെടേണ്ടി വരുമെന്ന് കോടിയേരി വ്യക്തമാക്കി. ഓർഡിനൻസിന്റെ കാര്യത്തിൽ എന്ത് കൊണ്ട് ഒപ്പിടില്ലെന്ന കാരണം ഗവർണർ വ്യക്തമാക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

ഓർ‍ഡിനൻസിൽ ഒപ്പിടില്ലെന്ന നിലപാടിൽ ഗവർണർ ഉറച്ചുനിന്നതോടെയാണ് അസാധുവായ ഓ‌ർഡിനൻസുകൾക്ക് പകരം ബിൽ പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ നിർബന്ധിതരായിരുന്നു. ഈ മാസം 22 മുതൽ സെപ്റ്റംബർ 2 വരെ നിയമനിർമാണത്തിന് മാത്രമായി സഭ ചേരും. സഭ സമ്മേളിക്കാനുള്ള മന്ത്രിസഭാ യോഗത്തിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചിരുന്നു. പിന്നാലെ ബിൽ പാസാക്കാൻ സഭ വിളിച്ചതിനെ സ്വാഗതം ചെയ്ത് ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തുകയും ചെയ്തു. അതേസമയം സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ ഗവർണർക്കുള്ള അതൃപ്തി തുടരുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനത്തിൽ അടക്കം കണ്ണൂർ വിസിക്കെതിരായ അമർഷം ഗവർണർ ഇന്നലെ പ്രകടിപ്പിച്ചിരുന്നു. വിസിയുടെ വിശദീകരണത്തിന് പിന്നാലെ കർശന നടപടി ഉണ്ടാകുമെന്നാണ് ഗവർണർ നൽകുന്ന സൂചന. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഗവർണർക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തെത്തിയിരിക്കുന്നത്. 

'അറ്റ് ഹോം' ഉപേക്ഷിച്ചതിനെ ചൊല്ലി വിവാദം; ഗവർണർ സൽക്കാരം ഒഴിവാക്കിയതിന് പിന്നിൽ സർക്കാരുമായുള്ള ഭിന്നതയോ?

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള 'അറ്റ് ഹോം' സത്കാരം ഗവർണർ ഉപേക്ഷിച്ചത് സർക്കാരുമായുള്ള ഭിന്നത കാരണമെന്ന് സൂചന. സ്വാതന്ത്ര്യ ദിന സത്ക്കാരത്തിന് പണം ആവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് കത്ത് അയച്ചിരുന്നു. ഈ മാസം 6ന് സർക്കാർ 15 ലക്ഷം അനുവദിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് 'അറ്റ് ഹോം' ഉപേക്ഷിച്ചതായി ഗവർണറുടെ ഓഫീസ് വ്യക്തമാക്കിയത്. മഴ മൂലം സംസ്ഥാനത്തെ ജനങ്ങൾക്കുണ്ടായ ദുരിതം കണക്കിലെടുത്താണ് തീരുമാനമെന്നും ഗവർണറുടെ ഓഫീസ് അറിയിച്ചു. ഇതിനായി ചെലവാകുന്ന തുക ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ വിനിയോഗിക്കാനും ഗവർണർ നിർദേശിച്ചിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ