കടുത്ത രാഷ്ട്രീയ പ്രതിസന്ധിയില്‍ കോടിയേരി: ഒപ്പം നില്‍ക്കുമോ പാര്‍ട്ടി?

By Web TeamFirst Published Jun 18, 2019, 7:21 PM IST
Highlights

മക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ മൗനം പാലിച്ച നേതാക്കള്‍ പീഡനക്കേസില്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചാല്‍ കോടിയേരിയുടെ സെക്രട്ടറി സ്ഥാനത്തിനടക്കം അത് ഭീഷണിയായി മാറും.

കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന കോടിയേരി ബാലകൃഷ്ണന് ഇടിത്തീ വീണ പോലെയായി  മകനെതിരായ പീഡനക്കേസ്. തൃശൂര്‍ സമ്മേളനത്തിന് തൊട്ട്മുന്‍പ് മക്കള്‍ക്കെതിരായുണ്ടായ സാമ്പത്തിക തട്ടിപ്പ്കേസ് വളരെ പാടുപെട്ട് ഒതുക്കിതീര്‍ത്ത കോടിയേരി പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടിക്കകത്ത് ഒറ്റപ്പെടാനാണ് സാധ്യത.

ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നതിനിടെയാണ് പാര്‍ട്ടിയുടെ ചരിത്രത്തിലാദ്യമായി സംസ്ഥാന സെക്രട്ടറിയുടെ മക്കള്‍ക്കെതിരെ ഗുരുതര സാമ്പത്തിക തട്ടിപ്പുകേസുണ്ടായത്. കേന്ദ്രനേതൃത്വത്തിന് മുന്നിലെത്തിയ പരാതി അക്ഷരാര്‍ത്ഥത്തില്‍ കേരളപാര്‍ട്ടിയെ പിടിച്ചു കുലുക്കി. ദുബായ് പൗരനുമായുള്ള കേസ് പിന്നീട് എങ്ങനെയോ പറഞ്ഞൊതുക്കി കോടിയേരിയും പാര്‍ട്ടിയും രക്ഷപെട്ടു. ശക്തനായ കോടിയേരിയെ പാര്‍ട്ടിക്കകത്ത് അന്ന് ആരും ചോദ്യം ചെയ്തില്ല. പക്ഷേ ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്.

തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ പാര്‍ട്ടിയും മുന്നണിയും വിരണ്ട് നില്‍ക്കുകയാണ്. കണ്ണുരിലെ പാര്‍ട്ടി കോട്ടകളടക്കം ഒലിച്ചുപോയ സാഹചര്യം. ആറിടത്ത് ഉപതെരഞ്ഞെടുപ്പ് വരുന്നു. തോല്‍വി മറികടക്കാന്‍ തിരുത്തല്‍ നടപടികളിലേക്ക് പാര്‍ട്ടി കടക്കാനിരിക്കെയാണ് പാര്‍ട്ടി സെക്രട്ടറി തന്നെ പ്രതിരോധത്തിലാകുന്നത്.എന്താണ് സംഭവിച്ചതെന്ന ചോദ്യം പോലും കോടിയേരിയെ ഒറ്റപ്പെടുത്തുന്നതായിരിക്കും. കേന്ദ്രനേതാക്കളുടെ ആദ്യപ്രതികരണത്തില്‍ തന്നെ ആ അതൃപ്തി പ്രകടമാണ്.

'വിവാഹം കഴിച്ചെന്ന വ്യാജരേഖ വരെ ഉണ്ടാക്കി'; യുവതിക്കെതിരായ ബിനോയിയുടെ പരാതിയുടെ പൂര്‍ണ്ണരൂപം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ കോടിയേരിയെ പിന്തുണച്ചിരുന്നെങ്കില്‍ ഇപ്പോള്‍ പിണറായി - കോടിയേരി ബന്ധവും അത്ര നന്നല്ല. കണ്ണൂരിലെ നേതാക്കളെല്ലാം കോടിയേരിക്കെതിരാണ്. ശനി ഞായര്‍ ദിവസങ്ങളിലായി സിപിഎം സംസ്ഥാന സമിതി യോഗമുണ്ട്. നേരത്തെ മക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ മൗനം പാലിച്ച നേതാക്കള്‍ പീഡനക്കേസില്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചാല്‍ കോടിയേരിയുടെ സെക്രട്ടറി സ്ഥാനത്തിനടക്കം അത് ഭീഷണിയായി മാറും.

click me!