തൃശ്ശൂർ: വിവാദമായ ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്കാരത്തിൽ മാറ്റമില്ല. അവാർഡ് പുനപരിശോധിക്കണമെന്ന സർക്കാരിന്‍റെ ആവശ്യം ലളിതകലാ അക്കാദമി തള്ളി. ജൂറി തീരുമാനം അന്തിമമെന്ന് ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് അറിയിച്ചു. തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും നേമം പുഷ്പരാജ് വ്യക്തമാക്കി. 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചിത്രീകരിച്ച കെ കെ സുഭാഷിന്‍റെ കാർട്ടൂണിന് ലളിതകല അക്കാദമിയുടെ പുരസ്കാരം ലഭിച്ചതിനെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. കേരള ശബ്ദത്തിന്‍റെ സഹ പ്രസിദ്ധീകരണമായ ഹാസ്യകൈരളിയിൽ പ്രസിദ്ധീകരിച്ച കാര്‍ട്ടൂൺ മത ചിഹ്നങ്ങളെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ആക്ഷേപം. മതവികാരം വ്രണപ്പെടുന്ന തരത്തിലാണ് കാർട്ടൂണിലെ ചിത്രീകരണം എന്നാരോപിച്ച് വിവിധ സംഘടനകൾ രംഗത്ത് വന്നതോടെയാണ് അവാർഡ് പുനഃപരിശോധിക്കാൻ മന്ത്രി എ കെ ബാലൻ നിർദേശിച്ചത്. 

സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ കാർട്ടൂൺ പരിശോധിച്ചുവെന്നും ആ കാർട്ടൂൺ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സർക്കാർ വിലയിരുത്തിയെന്നും സാസ്കാരിക മന്ത്രി എകെ ബാലൻ പറഞ്ഞിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ച് ചിത്രീകരിച്ച കാർട്ടൂണാണിത്. ഇതിൽ എതിർപ്പില്ല. എന്നാൽ, മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നെന്നും മന്ത്രി എ കെ ബാലൻ വ്യക്തമാക്കിയിരുന്നു.