'ജോസ് വിഭാഗത്തിന് ബഹുജനപിന്തുണയുണ്ട്'; യുഡിഎഫ് കൂടുതൽ ദുർബലമാകുമെന്ന് കോടിയേരി

By Web TeamFirst Published Jul 2, 2020, 8:47 AM IST
Highlights

കേരള കോൺഗ്രസിലെ തർക്കം പരിഹരിക്കുന്നതിൽ കോൺഗ്രസ്‌ പരാജയപ്പെട്ടു. കേന്ദ്രീകൃത നേതൃത്വം യുഡിഎഫിന് ഇല്ലാതെയായതിന്റെ പ്രതിഫലനമാണ് ഇത്. യുഡിഎഫിൽ ബഹുജന പിന്തുണയുള്ള പാർട്ടികളിലൊന്നാണ് കേരള കോൺഗ്രസ്‌

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ബഹുജന പിന്തുണയുള്ള പാർട്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പരാമർശം. കേരള കോൺഗ്രസിലെ തർക്കം പരിഹരിക്കുന്നതിൽ കോൺഗ്രസ്‌ പരാജയപ്പെട്ടു.

കേന്ദ്രീകൃത നേതൃത്വം യുഡിഎഫിന് ഇല്ലാതെയായതിന്റെ പ്രതിഫലനമാണ് ഇത്. യുഡിഎഫിൽ ബഹുജന പിന്തുണയുള്ള പാർട്ടികളിലൊന്നാണ് കേരള കോൺഗ്രസ്‌. കേരള കോൺഗ്രസ്‌ ഇല്ലാത്ത യുഡിഎഫ് കൂടുതൽ ദുർബലമാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ ഉണ്ടായിരുന്ന എൽജെഡി ഇപ്പോൾ എൽഡിഎഫിലാണ് പ്രവർത്തിക്കുന്നതെന്നും കോടിയേരി ലേഖനത്തിൽ എടുത്തു പറയുന്നു.

രാഷ്ട്രീയരംഗത്ത് വരുന്ന മാറ്റങ്ങൾ എൽഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും കോടിയേരി അവകാശപ്പെട്ടു. അതേസമയം, കേരളാ കോൺഗ്രസ് (എം) നെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയത് തന്നെയെന്ന് ചെയര്‍മാന്‍ ജോസ് കെ മാണി ഇന്നലെ വ്യക്തമാക്കിയിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തിൽ നിലപാടിൽ മാറ്റമില്ലെന്നും ജോസ് കെ മാണി ആവര്‍ത്തിച്ചു. രാഷ്ട്രീയ തിരുത്തല്‍ വരുത്താതെ ചർച്ചയില്ലെന്നും ജില്ലാ പഞ്ചായത്തിൽ കൂറ് മാറിയ വ്യക്തിക്ക് പ്രസിഡന്‍റ് പദവി നൽകണമെന്ന് പറയുന്നത് യുക്തിയില്ലായ്മയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് നിലപാട് മയപ്പെടുത്തുമ്പോഴും ഉറച്ച് നിൽക്കുകയാണ് ജോസ് കെ മാണി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചാൽ ജോസ് വിഭാഗത്തിന് മടങ്ങിവരാമെന്നാണ് യുഡിഎഫിന്റെ സമ്പൂർണ്ണ യോഗത്തിന് ശേഷം രമേശ് ചെന്നിത്തല പറഞ്ഞത്. എന്നാൽ യുഡിഎഫിന്റേത് സാങ്കേതിക തിരുത്തൽ മാത്രമാണെന്നും രാഷ്ട്രീയതിരുത്തൽ ഉണ്ടായില്ലെന്നും വ്യക്തമാക്കി രാജിവയ്ക്കില്ലെന്ന് ജോസ് കെ മാണി ആവർത്തിച്ചു.

click me!