
കണ്ണൂർ : കോൺഗ്രസ് കുടുംബത്തിൽ ജനിച്ച കോടിയേരി ബാലകൃഷ്ണൻ വിദ്യാർത്ഥിയായിരിക്കെയാണ് ഇടത് ആശങ്ങളുമായി അടുക്കുന്നത്.ഇരുപത്തിയഞ്ചു വർഷകാലം സ്വന്തം നാടിനെ നിയമസഭയിൽ പ്രതിനിധീകരിച്ച കോടിയേരിക്ക് തലശ്ശേരിക്കാരോടൊക്കെയും പേരെടുത്ത് വിളിക്കാവുന്ന അടുപ്പമുണ്ട്. ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട കോടിയേരിയുടെ എല്ലാമെല്ലാം അമ്മ നാരായണിയായിരുന്നു.
മുഖ്യമന്ത്രിയുടെ ഗ്രാമമായ പിണറായിയിൽ നിന്ന് പതിനാല് കിലോമീർ വണ്ടിയോടിച്ചാൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നാട്ടിലെത്താം. അവിടെ കോടിയേരി ബാലകൃഷ്ണന്റെ ചരിത്രം തിരഞ്ഞാൽ നമ്മളെത്തുക ഒരു കോൺഗ്രസ് തറവാട്ടിലേക്കാണ്. കോടിയേരി മുട്ടേമ്മൽ തറവാട്. കോടിയേരിയുടെ അച്ഛനും അമ്മയ്ക്കും സിപിഎമ്മിനോട് താത്പര്യമേയില്ല. അവർ കോൺഗ്രസുകാരായിരുന്നു. അമ്മയുടെ സഹോദരനായ നാണു നമ്പ്യാരാണ് കോടിയേരിയെ കമ്യൂണിസ്റ്റാക്കുന്നത്. പ്രസംഗിക്കാൻ വലിയ താത്പര്യം കാണിച്ച ബാലകൃഷ്ണൻ സ്കൂൾ കുട്ടികൾക്കിടയിൽ സ്റ്റാറായി. വായനശാലകളിലും ബീഡിക്കമ്പനികളിലും ഇരുന്ന് ദേശാഭിമാനിയും പുസ്തകങ്ങളും വായിച്ച് കമ്യൂണിസ്റ്റ് രാഷ്ട്രീയം പഠിച്ചു. ഹൈസ്കൂൾ കാലത്ത് തന്നെ കെഎസ്എഫിലെത്തി. സ്കൂളിൽ കെഎസ്എഫ് രൂപീകരിക്കാനെത്തിയ സംഘടനയുടെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി ബന്ധം തുടങ്ങുന്നത് അന്നുമുതലാണ്. അന്ന് കെഎസ്യു രൂപീകരിക്കാൻ കോടിയേരിയുടെ സ്കൂളിലെത്തിയത് അന്നത്തെ പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രനും.
കോടിയേരിയുടെ അച്ഛൻ കുഞ്ഞുണ്ണിക്കുറുപ്പ് അധ്യാപകനായിരുന്നു. 11 വയസിൽ അച്ഛനെ നഷ്ടമായ ബാലകൃഷ്ണന് തണലായത് അമ്മ നാരായണിയാണ്. കൃഷിചെയ്തുമം കന്നുകാലി വളർത്തിയും അഞ്ചുമക്കളെപ്പോറ്റിയ അമ്മയുടെ ഓർമ്മ കോടിയേരിയെ ഈറനണിയിക്കാറുണ്ട്. പണം തികയാതെവന്നതോടെ എട്ടുസെന്റ് സ്ഥലം വിറ്റാണ് അമ്മ ബാലകൃഷ്ണനെ കോളേജിലയച്ച് പഠിപ്പിച്ചത്.
എസ്എസ്എൽസി പരീക്ഷ എഴുതി മടങ്ങവെ തലശ്ശേരിയിൽ വച്ച് ആർഎസ്എസുകാർ ആക്രമിച്ചതോടെ ദിവസങ്ങൾ ആശുപത്രിയിൽ. ആരോഗ്യം വീണ്ടെടുത്ത് കുറച്ചുകാലം സഹോദരിമാരോടൊപ്പം മദ്രാസിൽ ജീവിച്ചാണ് ബാലകൃഷ്ണൻ നാട്ടിലേക്ക് മടങ്ങിയെത്തിയത്. 20ആം വയസിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി. പിന്നീട് പാർട്ടി നേതാവായും 25 വർഷം തലശ്ശേരിക്കാരുടെ എംഎൽഎആയും നാടിന്റെ ഏത് ആവശ്യത്തിനും കോടിയേരി വിളിപ്പുറത്ത് ഉണ്ടായിരുന്നു. പേരിനൊപ്പം നാട് എങ്ങനെ ചേർന്നു ചോദിച്ചാൽ കോടിയേരി തന്റെ ട്രേഡ്മാർക്ക് ചിരിചിരിക്കും. സ്കൂളിൽ പഠിക്കുന്ന സമയത്ത് ജില്ലാ സമ്മേളന പ്രതിനിധി ആയി കാഞ്ഞങ്ങാട് ചെന്നപ്പോഴായിരുന്നു ബാലകൃഷ്ണനെ ആദ്യം സഖാക്കൾ കോടിയേരി എന്ന് വിളിച്ചത്. പാർട്ടി വാർത്തകളിൽ പത്രങ്ങളിലൊക്കെ വന്നതോടെ ആ പേര് ഉറച്ചു. കോടിയേരിയുടെ വിയോഗം സഖാക്കൾക്കൊപ്പം ഒരു നാടിന്റെയാകെ നൊമ്പരമാവുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam