അമ്മയുടെ കൂട്ടുകാരുടെ സ്നേഹ സമ്മാനം, ഒ.ജെ. ജനീഷിന് കെട്ടി വെക്കാനുള്ള തുകയുടെ വിഹിതം നൽകിയത് തൊഴിലുറപ്പ് തൊഴിലാളികൾ

Published : Mar 23, 2026, 11:52 AM IST
Adv OJ Janeesh

Synopsis

തങ്ങളുടെ അയൽപക്കത്തുനിന്ന് ഒരാൾ നിയമസഭയിലേക്ക് മത്സരിക്കുന്നു എന്നത് അഭിമാനകരമാണെന്ന് സിഡിഎസ് ചെയർപേഴ്സൺ സ്മിത പറഞ്ഞു. തൊഴിലുറപ്പ് ജോലിക്ക് പോയിരുന്ന ജനീഷിന്റെ അമ്മ പുഷ്പ ​ആരോഗ്യ പ്രശ്നങ്ങളേത്തു‌ടർന്ന് കുറച്ച് നാളുകളായി തൊഴിലുറപ്പ് ജോലിക്ക് പോകുന്നില്ല. എന്നാലും അയൽക്കൂട്ടത്തിന്റെ മറ്റ് പ്രവർത്തനങ്ങളിൽ സജീവമാണ്.

തൃശൂർ: കൊടുങ്ങല്ലൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ: ഒ.ജെ.ജനീഷിന് നാമനിർദ്ദേശ പത്രികക്ക് ഒപ്പം കെട്ടിവക്കാനുള്ള തുകയിലൊരു വിഹിതം പിരിച്ച് നൽകിയത് അമ്മയു‌ടെ സുഹൃത്തുക്കൾ. കുഴൂർ തുമ്പരശേരി പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളുടെ സംഘമാണ് പണം നൽകിയത്. തങ്ങളുടെ സഹപ്രവർത്തകയായ പുഷ്പയുടെ മകന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് ഈ അയൽക്കൂട്ടം. നാട്ടിൽ തൊഴിലുറപ്പ് ജോലിക്ക് പോയിരുന്ന ജനീഷിന്റെ അമ്മ പുഷ്പ ​ആരോഗ്യ പ്രശ്നങ്ങളേത്തു‌ടർന്ന് കുറച്ച് നാളുകളായി തൊഴിലുറപ്പ് ജോലിക്ക് പോകുന്നില്ല. എന്നാലും അയൽക്കൂട്ടത്തിന്റെ മറ്റ് പ്രവർത്തനങ്ങളിൽ സജീവമാണ്.

തങ്ങളുടെ അയൽപക്കത്തുനിന്ന് ഒരാൾ നിയമസഭയിലേക്ക് മത്സരിക്കുന്നു എന്നത് അഭിമാനകരമാണെന്ന് സിഡിഎസ് ചെയർപേഴ്സൺ സ്മിത പറഞ്ഞു. ജനീഷ് പോളിടെക്നിക്കിന് പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. അതിന്ശേഷം കഷ്ടപ്പെ‌ട്ടാണ് പുഷ്പച്ചേച്ചി രണ്ട് മക്കളേയും വളർത്തിയത്. തൊഴിലുറപ്പ് ജോലിക്കും കൂലിപ്പണിക്കുമൊക്കെ പോയിട്ടാണ് കുടുംബം പോറ്റിയത്. പുഷ്പച്ചേച്ചിയുടെ മകന് സ്ഥാനാർത്ഥിത്വം കിട്ടുമ്പോൾ അത് ഒരു സ്ത്രീയുടെ കഷ്ടപ്പാടിനുള്ള അം​ഗീകാരം കൂടിയാണെന്നും സ്മിത പറഞ്ഞു.

തന്റെ മകന് മത്സരിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ജനീഷിന്റെ അമ്മ പുഷ്പ പറഞ്ഞു. അവന് രാഷ്ട്രീയമെന്നത് രക്തത്തിൽ അലിഞ്ഞത് പോലെയാണ്. എപ്പോഴും അതിൽ മാത്രമാണ് അവന്റെ ശ്രദ്ധ. നാ‌ട്ടിലെല്ലാവരും അവൻ സ്ഥാനാർത്ഥിയായതിൽ വലിയ സന്തോഷത്തിലാണെന്നും പുഷ്പ പറഞ്ഞു. ജനീഷിന്റെ വീടിന്റെ മുറ്റത്ത് നടന്ന അയൽക്കൂട്ടത്തിന്റെ യോ​ഗത്തിൽ തുക കൈമാറി. നാമനിർദേശ പത്രികക്കൊപ്പം പതിനായിരം രൂപയാണ് കെട്ടിവക്കേണ്ടത്. ഇതിന്റെ ചെറു വിഹിതമാണ് അയൽക്കൂ‌ട്ടത്തിലെ അം​ഗങ്ങൾ എല്ലാവരും ചേർന്ന് പിരിച്ച് നൽകിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അതേ എതിരാളികൾ വീണ്ടും, ചവറയില്‍ ആര് വാഴും, ആര് വീഴും?
നീലേശ്വരത്ത് സ്പിരിറ്റ് വേട്ട; പ്രതികളെ പൊലീസ് പിടികൂടി