
കോഴിക്കോട്: കൊടുവള്ളിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. കെഎംസിടി കോളജ് വിദ്യാർത്ഥിനി ഫാത്തിമ മിൻസിയയാണ് മരിച്ചത്. താമരശ്ശേരി ചുങ്കം സ്വദേശിയായിരുന്നു. പൂനൂർ സ്വദേശി ഫിദ ഫർസാന പരിക്കേറ്റ് ചികിത്സയിലാണ്.
ഇന്നലെ രാവിലെ കൊടുവള്ളി മാനിപുരത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. എതിർ ദിശയിലെത്തിയ കാറിൽ തട്ടി വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസിന് മുന്നിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫാത്തിമ മിൻസിയയെയും ഫിദ ഫര്‍സാനയെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പിന്നീട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. എന്നിട്ടും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഫാത്തിമ മിൻസിയ മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
കേസിൽ വഴിത്തിരിവ്
ഫാത്തിമ മൻസിയയുടെ അപകട മരണത്തിനിടയായ സംഭവത്തിൽ വഴിത്തിരിവ്. കാറിടിച്ചില്ല മറിച്ച് പിക്കപ്പ് വാനിടിച്ചാണ് പെൺകുട്ടികൾ സഞ്ചരിച്ച സ്കൂട്ടര്‍ അപകടത്തിൽ പെട്ടത്. കൊടുവള്ളി പെരിയാംതോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അഡ്മാസ് എന്ന് പേരെഴുതിയ ഏയ്സ് പിക്കപ്പ് വാനാണ് സ്കൂട്ടറിൽ ഇടിച്ചത്. അപകടത്തിന് ശേഷം പിക്കപ്പ് വാൻ ഇവിടെ നിര്‍ത്താതെ പോവുകയായിരുന്നു. വാൻ കസ്റ്റഡിയിലെടുക്കാനും ഡ്രൈവര്‍ക്കെതിരെ കേസെടുക്കാനും തീരുമാനമുണ്ട്. ഐപിസി 304 എ വകുപ്പ് പ്രകാരമാണ് കൊടുവള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഫാത്തിമ മിന്‍സിയയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam