കൊത്തിക്കളയുമെന്ന് കൊടി സുനിയുടെ ഭീഷണി; ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ പരാതിയുമായി കൊടുവളളി നഗരസഭാ കൗണ്‍സിലര്‍

By Web TeamFirst Published Jun 27, 2019, 1:47 PM IST
Highlights

സ്വര്‍ണം വില്‍ക്കാനുണ്ടെന്ന് അറിയിക്കുകയും നിരക്കും മറ്റും ചോദിക്കുകയും ചെയ്തു. പൊലീസ് ക്ളിയറന്‍സ് റിപ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും വേണമെന്ന് താന്‍ ആവശ്യപ്പെട്ടതോടെയായിരുന്നു ഭീഷണി

കൊടുവള്ളി: കൊടി സുനി തന്നെ ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് കൊടുവളളി നഗരസഭാ കൗണ്‍സിലറും സ്വര്‍ണ വ്യാപാരിയുമായ കോയിശേരി മജീദ് ഇന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കും. മജീദിന്‍റെ ഭാര്യ താമരശേരി പൊലീസിന് നാളെ പരാതി നല്‍കുന്നുണ്ട്. കൗണ്‍സിലറെ ഭീഷണിപ്പെടുത്തിയ പശ്ചാത്തലത്തില്‍ നാളെ കൊടുവളളി നഗരസഭ നാളെ പ്രത്യേക യോഗം ചേരും.

9207073215-ഈ നമ്പറില്‍ നിന്ന് സുനി തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് മജീദിന്‍റെ പരാതി. ഈ നമ്പര്‍ നിലവില്‍ പ്രവര്‍ത്തന രഹിതമാണ്. ഈ നമ്പറിലുളള വാട്സ് ആപ് അവസാനം ഉപയോഗിച്ചിരിക്കുന്നത് ജൂണ്‍ 10നാണ്. കണ്ണൂര്‍ സ്വദേശി ഫെഫീക് എന്നയാളാണ് ആദ്യം വിളിച്ചതെന്ന് മജീദ് പറയുന്നു. ഇയാള്‍ സ്വര്‍ണം വില്‍ക്കാനുണ്ടെന്ന് അറിയിക്കുകയും നിരക്കും മറ്റും ചോദിക്കുകയും ചെയ്തു. പൊലീസ് ക്ളിയറന്‍സ് റിപ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും വേണമെന്ന് താന്‍ ആവശ്യപ്പെട്ടു. 

ഇതോടെയാണ് കൊടി സുനിയെന്ന് പരിചയപ്പെടുത്തിയ ആള്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി. ഭീഷണി പലവട്ടം തുടര്‍ന്നുവെന്നും മജീദ് ആരോപിക്കുന്നു. കൊത്തിക്കളയുമെന്നായിരുന്നു ഭീഷണി. നിയമപരമായി കാര്യങ്ങള്‍ നോക്കുമെന്ന് ഭീഷണിപ്പെടുത്തിയയാളോട് പറഞ്ഞതായി മജീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഭീഷണിയുടെ പശ്ചാത്തലത്തില്‍ മജീദിന്‍റെ ഭാര്യയും മാതാവും ബന്ധുവീട്ടിലേക്ക് താമസം മാറി. മജീദ് ഖത്തര്‍ എംബസിയില്‍ പരാതി നല്‍കിയ ശേഷം താമരശേരി ഡിവൈഎസ്പിക്ക് പരാതി നല്‍കാനാണ് ഇവരുടെ തീരുമാനം. ഭീഷണിപ്പെടുത്തിയത് കൊടി സുനി തന്നെയാണോ എന്നറിയാന്‍ പൊലീസ് അന്വേഷണം ആവശ്യമാണ്. ജയിലില്‍ നിന്ന് തന്നെയാണോ വിളിച്ചതെന്നറിയാന്‍ ടവര്‍ ലൊക്കേഷനും പരിശോധിക്കേണ്ടതുണ്ട്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന കൊടി സുനിയെ മൊബൈല്‍ ഫോണ്‍ ഉപയോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ 23നായിരുന്നു പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.

click me!