കുരുതിക്കളമായി കൊല്ലം ബൈപ്പാസ്; 5 മാസത്തിനകം വാഹനാപകടത്തിൽ മരിച്ചത് 10 പേർ

Published : Jun 29, 2019, 12:12 PM ISTUpdated : Jun 30, 2019, 11:18 AM IST
കുരുതിക്കളമായി കൊല്ലം ബൈപ്പാസ്;  5 മാസത്തിനകം വാഹനാപകടത്തിൽ മരിച്ചത് 10 പേർ

Synopsis

ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ച ദിവസം തന്നെ അപകടമുണ്ടായി. പിന്നീടിങ്ങോട്ട് അമ്പതിലേറെ അപകടങ്ങൾ ബൈപ്പാസിലുണ്ടായി. ഈ മാസം മാത്രം 16 അപകടങ്ങൾ ഇത് വരെ നടന്നു.

കൊല്ലം: തുറന്ന് അഞ്ച് മാസത്തിനുള്ളിൽ കൊല്ലം ബൈപ്പാസിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത് പത്ത് പേരാണ്. 53 പേർക്ക് ഗുരുതരമായി പരിക്കേറ്റു. കാലാനുസൃതമായി മാറ്റങ്ങൾ വരുത്താതെ നാൽപ്പത് വ‌‌ർഷം മുമ്പത്തെ അതേ രൂപരേഖയിൽ റോഡ് നിർമ്മിച്ചതും വേഗ നിയന്ത്രണത്തിനും ഗതാഗത നിയമലംഘനങ്ങൾ തടയാനും സംവിധാനങ്ങളില്ലാത്തതുമാണ് ബൈപ്പാസിനെ അപകടമേഖലയാക്കി മാറ്റിയത്. 

13 കിലോമീറ്റർ നീളമുള്ള കൊല്ലം ബൈപാസിൽ അപകടങ്ങളൊഴിഞ്ഞ ഒരു ദിവസമില്ല. ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ച ദിവസം തന്നെ അപകടമുണ്ടായി. പിന്നീടിങ്ങോട്ട് അമ്പതിലേറെ അപകടങ്ങൾ ബൈപാസിലുണ്ടായി. ഈ മാസം മാത്രം 16 അപകടങ്ങൾ നടന്നു. കാൽനടയാത്രക്കാർ ഉൾപ്പെടെ 4 പേർക്ക് ജീവൻ നഷ്ടമായി. 14 പേർക്ക് പരിക്കേറ്റു. ഫെബ്രുവരി മുതൽ മെയ് വരെ 5 പേരാണ് കൊല്ലം ബൈപ്പാസിൽ നടന്ന വിവിധ വാഹനാപകടങ്ങളിലായി കൊല്ലപ്പെട്ടത്. 39 പേർക്ക് ഗുരുതരമായി പരിക്കേറ്റു. 

അമിതവേഗം നിയന്ത്രിക്കാൻ കൊല്ലം ബൈപ്പാസിൽ സംവിധാനങ്ങളൊന്നുമില്ല. അമിതവേഗത്തിൽ വാഹനമോടിക്കുന്നവരെ കണ്ടെത്താൻ ക്യാമറകള്‍ പോലുമില്ല. വാഹനങ്ങള്‍ ചീറിപ്പാഞ്ഞ് അപകടമുണ്ടാക്കുമ്പോൾ ക്യാമറ വാങ്ങുന്നതിനെക്കുറിച്ചുള്ള സര്‍ക്കാര്‍ ഫയൽ ഇഴഞ്ഞു നീങ്ങുകയാണ്. വേഗ മുന്നറിയിപ്പ് ബോര്‍ഡുകൾ പോലുമില്ല ബൈപ്പാസിൽ. 

10 മീറ്റര്‍ വീതിയിലാണ് ബൈപ്പാസ് നിർമ്മിച്ചിരിക്കന്നത്. രണ്ടു വരി പാത മാത്രം. ഇടയ്ക്ക് മീഡിയനും ഇല്ല. അപകടസൂചന ബോര്‍ഡുകളും ഇത് വരെ സ്ഥാപിച്ചിട്ടില്ല. കാലം മാറിയതിന് അനുസരിച്ചും വാഹനപ്പെരുപ്പം കണക്കിലെടുത്തും രൂപരേഖ മാറ്റാതെയാണ് ബൈപാസ് നിർമ്മിച്ചത്. നാല്‍പതു വര്‍ഷം മുമ്പുണ്ടാക്കിയ അതേ രൂപരേഖയിൽ 350 കോടി ചിലവിട്ടായിരുന്നു നിർമ്മാണം പൂർത്തിയാക്കിയത്. 

അതേസമയം അമിതവേഗം മാത്രമാണ് ഇവിടെ വില്ലനെന്നാണ് ദേശീയ പാത അതോറിറ്റിയുടെയും പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ചെറിയാൻ വര്‍ക്കി കമ്പനിയുടെയും നിലപാട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പൊലീസ് നാടകം കളിക്കുന്നു, പോരാട്ടത്തിൽ പതിനായിരങ്ങൾ ഒപ്പം നിൽക്കും'; എൻ സുബ്രഹ്മണ്യന് നോട്ടീസ് നൽകി വിട്ടയച്ചു
അഗളി പഞ്ചായത്തിൽ ട്വിസ്റ്റ്; യുഡിഎഫ് അംഗം എൽഡിഎഫിൻ്റെ പഞ്ചായത്ത് പ്രസിഡൻ്റ്