
കൊല്ലം: കൊല്ലം നഗരപരിധിയിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്നുള്ള ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. നഗര പരിധിയിലെ 26 സ്കൂളുകൾക്കാണ് കൊല്ലം ജില്ലാ കളക്ടർ അവധി നൽകിയത്.
പത്തനംതിട്ട ജില്ലയിലെ പരുമല പള്ളി തിരുനാളിനോടനുബന്ധിച്ച് നാളെ (തിങ്കളാഴ്ച) 3 താലൂക്കുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ തിരുവല്ല, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർമാർ ഉത്തരവിറക്കിയിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്ന് കളക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. ക്രൈസ്‌തവ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട പ്രഥമ ഭാരതീയനും 'പരിശുദ്ധ പരുമല തിരുമേനി' എന്ന് വിഖ്യാതനുമായ പരിശുദ്ധ ഗീവറുഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 123 -ാം ഓർമ്മപ്പെരുന്നാളാണ് ഇക്കുറി നടക്കുന്നത്.