കൊല്ലം മെഡിക്കല്‍ കോളേജ് വികസനത്തിന് 23.73 കോടി; ഭരണാനുമതി നൽകിയെന്ന് ആരോഗ്യമന്ത്രി

By Web TeamFirst Published Jul 30, 2021, 2:48 PM IST
Highlights

താത്ക്കാലിക ജീവനക്കാരുടെ ശമ്പളത്തിനായി 9.25 കോടി രൂപയും നഴ്‌സുമാരുടെ ഔട്ട്‌സോഴ്‌സിംഗ് സേവനത്തിനായി 82 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു

തിരുവനന്തപുരം: കൊല്ലം ഗവൺമെന്റ് മെഡിക്കല്‍ കോളേജിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 23.73 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മറ്റ് മെഡിക്കല്‍ കോളേജുകളെ പോലെ കൊല്ലം മെഡിക്കല്‍ കോളേജിനെയും മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഹൃദ്രോഗ ചികിത്സയ്ക്കായി കാത്ത് ലാബ് സംവിധാനമൊരുക്കിയിരുന്നു. ഇതിനായി കാര്‍ഡിയോളജിസ്റ്റിനെ നിയമിച്ചു. ദേശീയ പാതയോട് ചേര്‍ന്നുള്ള മെഡിക്കല്‍ കോളേജായതിനാല്‍ ട്രോമ കെയര്‍ സെന്ററിന് പ്രത്യേക പ്രാധാന്യം നല്‍കി ഭരണാനുമതി നല്‍കി. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ട്രോമ കെയറിനുള്‍പ്പടെ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.

പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് 10 ലക്ഷം രൂപ, നെര്‍വ് മോണിറ്റര്‍ 17 ലക്ഷം, മോഡേണ്‍ ആട്ടോസ്പി വര്‍ക്ക് സ്റ്റേഷന്‍ 10 ലക്ഷം, സി ആം 11.30 ലക്ഷം, ഫുള്ളി ആട്ടോമേറ്റഡ് ഹൈബ്രിഡ് യൂറിന്‍ അനലൈസര്‍ 14.50 ലക്ഷം, വീഡിയോ ബ്രോങ്കോസ്‌കോപ്പ് 16 ലക്ഷം, എക്കോകാര്‍ഡിയോഗ്രാഫി സിസ്റ്റം 28.50 ലക്ഷം, എച്ച്.ഡി. ലാപ്പറോസ്‌കോപ്പിക് സിസ്റ്റം 44 ലക്ഷം, വീഡിയോ ഗാസ്‌ട്രോസ്‌കോപ്പ് 18 ലക്ഷം, ഡിജിറ്റല്‍ ഫ്‌ളൂറോസ്‌കോപ്പി മെഷീന്‍ 50 ലക്ഷം, മെഡിക്കല്‍ ഗ്യാസ് 85 ലക്ഷം, ഫര്‍ണിച്ചര്‍ 20 ലക്ഷം, സെന്‍ട്രല്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ 70 ലക്ഷം, ജേര്‍ണലുകള്‍ 50 ലക്ഷം തുടങ്ങിയവയ്ക്കാണ് തുകയനുവദിച്ചത്. ഇതുകൂടാതെ തീപിടിത്തമുണ്ടായാല്‍ ഫലപ്രദമായി തടയുന്നതിന് ഫയര്‍ ആന്റ് സേഫ്റ്റി സര്‍വീസിനായി 34 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

താത്ക്കാലിക ജീവനക്കാരുടെ ശമ്പളത്തിനായി 9.25 കോടി രൂപയും നഴ്‌സുമാരുടെ ഔട്ട്‌സോഴ്‌സിംഗ് സേവനത്തിനായി 82 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

click me!