കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

By Web TeamFirst Published Jul 30, 2021, 1:40 PM IST
Highlights

വലിയ സാമ്പത്തിക തിരിമറി ആയതിനാൽ സിബിഐയോ ഇഡിയോ കേസ് അന്വേഷിക്കണം. കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്രഏജൻസികൾ അന്വേഷിക്കണമെന്നും ഹർജിയില്‍ പറയുന്നു. 

തൃശ്ശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തൃശ്ശൂർ പുറത്തിശ്ശേരി സ്വദേശി എംവി സുരേഷ് ആണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സിപിഎം നേതാക്കൾ പ്രതികളായ കേസ് രാഷ്ട്രീയ സമ്മർദ്ദം മൂലം അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം. ബാങ്കിൽ നിന്ന് തട്ടിയെടുത്ത പണം രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വലിയ സാമ്പത്തിക തിരിമറി ആയതിനാൽ സിബിഐയോ ഇഡിയോ കേസ് അന്വേഷിക്കണം. കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്രഏജൻസികൾ അന്വേഷിക്കണമെന്നും ഹർജിയില്‍ പറയുന്നു. 

കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ തുടർന്ന് ഭരണസമിതി പിരിച്ചുവിട്ട ശേഷം നിയമിച്ച അഡ്മിനിസ്ട്രേറ്റര്‍ എംസി അജിതിനെ മാറ്റി. മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് സമിതിയ്ക്കാണ് പകരം ചുമതല. സഹകരണ വകുപ്പിലെ അസിസ്റ്റ് ഡയറക്ടർ ടി കെ രവീന്ദ്രൻ, സീനിയർ ഇൻസ്പെക്ടർമാരായ കെ കെ പ്രമോദ്, എം എം വിനോദ് എന്നിവരാണ് സമിതിയിൽ. ഇതിൻ്റെ ഉത്തരവ് പുറത്തിറങ്ങി. ഭരണം കൂടുതൽ കാര്യക്ഷമമായി നടത്താനാണ് തീരുമാനമെന്ന്  ഉത്തരവിൽ പറയുന്നു. മുകുന്ദപുരം അസി. രജിസ്ട്രാറായ എം സി അജിതിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചതിൽ നേരത്തെ ഏറെ പ്രതിഷേധം ഉയർന്നിരുന്നു. കരുവന്നൂർ തട്ടിപ്പിനെ കുറിച്ച് നേരത്തെ പരാതി നൽകിയിട്ടും എം സി അജിത് നടപടി സ്വീകരിച്ചില്ലെന്നാണ് പരാതി.
 

click me!