
കൊല്ലം: രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഭരണഘടന സാക്ഷരത നേടിയ ജില്ലയായി കൊല്ലം. കേശവൻ സ്മാരക ടൗണ‍് ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഒരു വര്‍ഷം കൊണ്ടാണ് ജില്ലയിലെ ഏഴ് ലക്ഷം കുടുബംങ്ങളെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിച്ചത്.
കൊല്ലം ജില്ലാ പഞ്ചായത്തും കിലയും ചേര്‍ന്നാണ് ദി സിറ്റിസണ്‍ ക്യാമ്പയിൻ കഴിഞ്ഞ വര്‍ഷം ജനുവരിയിൽ തുടങ്ങിയത്. പത്ത് വയസിന് മുകളിൽ പ്രായമുള്ള എല്ലാവരേയും ഭരണഘടയുടെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിച്ചു. പരിശീലനം കിട്ടിയ 2000 സെനറ്റര്‍മാർ പത്ത് മുതൽ ഇരുപത് കുടുംബങ്ങളെ ഗ്രൂപ്പുകളായി തിരിച്ചാണ് ക്ലാസെടുത്തത്. കഴിഞ്ഞ ആഗസ്റ്റ് 15 ക്യാമ്പയിൻ പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പലയിടങ്ങളിലും ക്ലാസുകൾ പൂർത്തിയാകാതിരുന്നതിനാൽ അഞ്ച് മാസം കൂടി വൈകി. രാജ്യത്തിന്‍റെ പുരോഗതി ലക്ഷ്യമാക്കുന്നവര്‍ അധികാരത്തിൽ വരണമെങ്കിൽ വോട്ട് ചെയ്യുന്ന ജനങ്ങൾക്ക് ഭരണഘടന അവബോധം ഉണ്ടാകണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത നേട്ടം ആദ്യം കൈവരിച്ച പഞ്ചായത്ത് കുളത്തുപ്പുഴയും ബ്ലോക്ക് പഞ്ചായത്ത് ചവറയുമാണ്. മതനിരപേക്ഷതയും സാമൂഹ്യ അന്തരീക്ഷവു മെച്ചപ്പെടുത്താൻ സര്‍ക്കാർ നടത്തുന്ന പ്രവര്‍ത്തനങ്ങൾക്ക് മുതൽക്കൂട്ടാണ് ജില്ലയുടെ സമ്പൂര്‍ണ സാക്ഷരതാ പദവിയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam