കൊല്ലത്തെ 'ലണ്ടൻ' ബസിൽ അടിയന്തര പരിശോധന, നിയമലംഘനം നിരവധി; ഉടനടി നടപടി, പോളി ടെക്നിക്ക് വിനോദയാത്ര തടഞ്ഞു

By Web TeamFirst Published Oct 6, 2022, 9:49 PM IST
Highlights

വാഹനത്തിന് സ്പീഡോമീറ്റർ ഘടിപ്പിപ്പിച്ചിരുന്നിലെന്ന് പരിശോധനയില്‍ കണ്ടെത്തി. മാത്രമല്ല നിരോധിച്ചിട്ടുള്ള ലേസര്‍ ലൈറ്റുകളും വലിയ ശബ്ദ സംവിധാനവും പുകപുറത്ത് വിടുന്ന ഉപകരണങ്ങളും കണ്ടെത്തി.

കൊല്ലം: വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പ് അടിയന്തര പരിശോധന ശക്തമാക്കി. കൊല്ലത്തെ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ ടൂറിസ്റ്റ് ബസിൽ വിനോദയാത്ര പോകാനുള്ള നീക്കം മോട്ടോര്‍വാഹന വകുപ്പ് തടഞ്ഞു. കൊല്ലം കൊട്ടാരക്കരയിൽ നിയമം ലംഘനം നടത്തിയ ടൂറിസ്റ്റ് ബസിൽ വിനോദയാത്ര പോകാനുള്ള നീക്കമാണ് മോട്ടോര്‍വാഹന വകുപ്പ് തടഞ്ഞത്. തലച്ചിറയിലെ സ്വകാര്യ പോളിടെക്‌നിക്ക് കോളജില്‍ നിന്നും വിനോദയാത്ര പോകാനിരിക്കെയാണ് മോട്ടോർ വാഹന വകുപ്പ് കോളജിലെത്തി പരിശോധന നടത്തി വിലക്കേർപ്പെടുത്തിയത്.

ലണ്ടൻ എന്ന് പേരുള്ള ടൂറിസ്റ്റ് ബസിലാണ് പരിശോധന നടത്തിയത്. വാഹനത്തിന് സ്പീഡോമീറ്റർ ഘടിപ്പിപ്പിച്ചിരുന്നിലെന്ന് പരിശോധനയില്‍ കണ്ടെത്തി. മാത്രമല്ല നിരോധിച്ചിട്ടുള്ള ലേസര്‍ ലൈറ്റുകളും വലിയ ശബ്ദ സംവിധാനവും പുകപുറത്ത് വിടുന്ന ഉപകരണങ്ങളും കണ്ടെത്തി. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് 'ലണ്ടൻ' ബസിലെ വിനോദയാത്രക്ക് അനുമതി നൽകാനാകാത്തതെന്ന് ഉദ്യോഗസ്ഥർ കുട്ടികളോടടക്കം വ്യക്തമാക്കിയിട്ടുണ്ട്.

സ്പീഡ് ഗവർണറിൽ മാറ്റം വരുത്തിയെന്ന് കണ്ടെത്തി; അമിത വേഗതയിലെന്ന് ഉടമക്ക് അലർട്ട് പോയിരുന്നു: എസ് ശ്രീജിത്ത്

അതേസമയം വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്‍റെ നിയമലംഘനങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിശോധനക്ക് ശേഷം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ് ശ്രീജിത്താണ് ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ചത്. അപകടമുണ്ടാക്കിയ ബസിലെ സ്പീഡ് ഗവർണറിലടക്കം നിയമ ലംഘനം നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്പീഡ് ഗവർണറിലടക്കം മാറ്റം വരുത്തിയായിരുന്നു യാത്ര. കിലോമീറ്ററിൽ മാറ്റം വരുത്തിയാണ് ക്രമക്കേട് നടത്തിയതെന്നും നിയമം ലംഘിച്ച് പല ഫിറ്റിംഗുകളും നടത്തിയിട്ടുണ്ടെന്നും ശ്രീജിത്ത് വ്യക്തമാക്കി. ബസ് അമിത വേഗത്തിയായിരുന്നെന്ന് ഉടമക്ക് ക്യത്യമായി അലർട്ട് പോയിരുന്നുവെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കൂട്ടിച്ചേർത്തു. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് സമീപത്തെ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്നും അദ്ദേഹം വിവരിച്ചു. നിയമലംഘനങ്ങൾ ഒരുപാട് കണ്ടത്തിയതിനാൽ ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വ്യക്തമാക്കി.

വിദ്യാസമ്പന്നനും ലോക പരിചയമുള്ളയാളും; ശശി തരൂരിന് പരസ്യപിന്തുണ പ്രഖ്യാപിച്ച് മുൻ കേന്ദ്രമന്ത്രി

click me!