Asianet News MalayalamAsianet News Malayalam

സ്പീഡ് ഗവർണറിൽ  മാറ്റം വരുത്തിയെന്ന് കണ്ടെത്തി; അമിത വേഗതയിലെന്ന് ഉടമക്ക് അലർട്ട് പോയിരുന്നു: എസ് ശ്രീജിത്ത്

നിയമലംഘനങ്ങൾ ഒരുപാട് കണ്ടത്തിയതിന് പിന്നാലെ ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വ്യക്തമാക്കി. മാത്രമല്ല ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്യും

transport commissioner s sreejith reaction on vadakkencherry bus accident
Author
First Published Oct 6, 2022, 6:56 PM IST

പാലക്കാട്:  വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്‍റെ നിയമലംഘനങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. പരിശോധനക്ക് ശേഷം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ് ശ്രീജിത്താണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. അപകടമുണ്ടാക്കിയ 
ബസിലെ സ്പീഡ് ഗവർണറിലടക്കം  മാറ്റം വരുത്തിയിരുന്നെന്ന് കണ്ടെത്തി. കിലോമീറ്ററിൽ മാറ്റം വരുത്തിയാണ് ക്രമക്കേട് നടത്തിയതെന്നും നിയമം ലംഘിച്ച് പല ഫിറ്റിംഗുകളും നടത്തിയിട്ടുണ്ടെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വ്യക്തമാക്കി. ബസ് അമിത വേഗത്തിയായിരുന്നെന്ന് ഉടമക്ക് ക്യത്യമായി അലർട്ട് പോയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് സമീപത്തെ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. നിയമലംഘനങ്ങൾ ഒരുപാട് കണ്ടത്തിയതിന് പിന്നാലെ ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വ്യക്തമാക്കി. മാത്രമല്ല ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്യും.

പ്രിയപ്പെട്ടവരുടെ ചേതനയറ്റ ദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹപാഠികൾ, യാത്രാമൊഴിയേകി നാട്

അതേസമയം അപകടത്തിന് ശേഷം ഒളിവിൽ പോയ ബസ് ഡ്രൈവർ ജോമോനെ പൊലീസ് പിടികൂടിയിട്ടുണ്ട്. കൊല്ലം ചവറയിലെ ശങ്കരമങ്കലത്ത് നിന്നാണ് ഡ്രൈവർ ജോമോനും ബസുടമ അരുണും പിടിയിലായത്. തിരുവനന്തപുരത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ചവറ പൊലീസ് ജോമോനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തിരുവനന്തപുരത്ത് അഭിഭാഷകനെ കാണാൻ പോകുന്നതിനിടെയാണ് ജോമോൻ പിടിയിലായത്. ജോമോനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.  ചവറയിൽ പിടിയിലായ ജോമോനെ വടക്കഞ്ചേരി പൊലീസിന് കൈമാറിയിട്ടുണ്ട്. പൊലീസ് ജോമോനെ കൂടുതല്‍ ചോദ്യം ചെയ്യും. ശേഷമാകും കൂടുതൽ നടപടി.

നടുക്കം മാറുന്നില്ല; ഈ മനുഷ്യക്കുരിതികള്‍ക്ക് അറുതിവരുത്തണം, നിയമലംഘനങ്ങള്‍ തടഞ്ഞേ മതിയാകൂ: കെ സുധാകരന്‍

അർധരാത്രിയായിരുന്ന നാടിനെ ഞെട്ടിച്ച അപകടം നടന്നത്. വടക്കഞ്ചേരി ബസ് അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ അടക്കം ഒന്‍പത് പേരാണ് മരിച്ചത്. മരിച്ചവരിൽ സ്‌കൂളിലെ കായിക അധ്യാപകനും മൂന്ന് കെ എസ് ആര്‍ ടി സി യാത്രക്കാരും ഉൾപ്പെടുന്നു. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഇന്നലെ വൈകിട്ട് കുട്ടികളുമായി വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസ് രാത്രി കെഎസ്ആര്‍ടിസി ബസിന്‍റെ പിന്നിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ബസ് വെട്ടിപ്പൊളിച്ചാണ് കുട്ടികളെ അടക്കം പുറത്തെടുത്തത്. നാല്‍പ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios