
കൊല്ലം: കൊല്ലം സ്വദേശിനി അതുല്യ(30)യെ ഷാര്‍ജയിലെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. അതുല്യയുടെ കുടുംബത്തിന്‍റെ പരാതിയിൽ കൊല്ലം ചവറ തെക്കുംഭാഗം പൊലീസാണ് കൊലപാതക കുറ്റം ചുമത്തി അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ കേസെടുത്തത്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്. സ്ത്രീധനത്തിൻ്റെ പേരിൽ പ്രതി സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്ഐആറിലുള്ളത്.
സ്ത്രീധനത്തിന്‍റെ പേരിലും പ്രതിയായ സതീഷ് അതുല്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്. ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിയ നിലയിലാണ് അതുല്യയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു കാലമായി ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു അതുല്യ. ഇന്ന് പുതിയ ജോലിയൽ പ്രവേശിക്കാനിരിക്കെയാണ് മരണം. ഇന്ന് അതുല്യയുടെ ജന്മദിനവുമായിരുന്നു.
ഭർത്താവ് സതീഷിന്‍റെ പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്ന് കുടുംബം ആരോപിച്ചു. ശാസ്താംകോട്ട സ്വദേശി സതീഷിനെതിരെ പരാതിയുമായി യുവതിയുടെ കുടുംബം ചവറ തെക്കുംഭാഗം പൊലീസിൽ പരാതി നൽകി. മരിക്കുന്നതിന് മുൻപ് അനന്യ കുടുംബത്തിന് പീഡനത്തിന്‍റെ തെളിവായി ചിത്രങ്ങളും വീഡിയോകളും അയച്ചു നൽകിയതായി ബന്ധുക്കൾ വ്യക്തമാക്കി.
ഈ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ഷാർജ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അതുല്യയുടെ മൃതദേഹം ഷാർജയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊല്ലം ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷൻ പരിധിയിൽ തേവലക്കര കോയിവിളയിലാണ് അതുല്യയുടെ വീട്.
മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കുഞ്ഞിനുവേണ്ടി അവള്‍ എല്ലാം സഹിക്കുകയായിരുന്നുവെന്നും ഷാര്‍ജയിൽ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശിനി അതുല്യയുടെ അച്ഛൻ രാജശേഖരൻ പിള്ള പറഞ്ഞു. അതുല്യയെ ഭര്‍ത്താവ് സതീഷ് നിരന്തരം ഉപദ്രവിക്കുമായിരുന്നു. സ്ഥിരം മദ്യപാനിയായ സതീഷ് മദ്യം അമിതമായാൽ അക്രമാസക്തനാകും.
മുമ്പ് പൊലീസ് കേസ് വരെയുണ്ടായിരുന്നു. മദ്യപാനം അമിതമാകുമ്പോള്‍ വയലന്‍റായി ആക്രമിക്കും. കുഞ്ഞിനെ ഏറെ സ്നേഹിച്ചിരുന്ന മകള്‍ ഒരിക്കലും ജീവനൊടുക്കില്ല. മരണത്തിൽ ദുരൂഹതയുണ്ട്. മകള്‍ വിവാഹമോചനത്തെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും മരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും അച്ഛൻ രാജശേഖരൻ പിള്ള പറഞ്ഞു. '18ാം വയസിലായിരുന്നു അതുല്യയുടെ കല്യാണമെന്നും അതിനുപിന്നാലെത്തന്നെ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അതുല്യയുടെ സുഹൃത്ത് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam