
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടാതെ കൊല്ലം സ്വദേശി വേണു മരിച്ചെന്ന കുടുംബത്തിന്‍റെ ആരോപണത്തിൽ, അന്വേഷണം നടത്തിയ ഡോക്ടർമാരുടെ സംഘം ഇന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകും. ജോയിന്‍റ് ഡിഎംഇയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സ വേണുവിന് നൽകിയെന്ന് കാർഡിയോളജി വിഭാഗം ഡോക്ടർമാർ അന്വേഷണ സംഘത്തിന് മുന്‍പാകെ മൊഴി നൽകിയിരുന്നു. കേസ് ഷീറ്റിലും ചികിത്സ സംബന്ധിച്ച് പ്രശ്നങ്ങൾ ഇല്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. അതേസമയം വേണുവിന്‍റെ ശബ്ദ സന്ദേശം സംബന്ധിച്ച് കുടുംബത്തിന്‍റെ ഭാഗത്തുനിന്ന് കൂടുതൽ വ്യക്തത വരുത്തണമെന്ന നിർദ്ദേശം റിപ്പോർട്ടിലുണ്ട്. ഇതിനായി വേണുവിന്‍റെ ഭാര്യ സിന്ധുവിൽ നിന്ന് വിവരങ്ങൾ തേടും. അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് പഠിച്ചതിനുശേഷം തുടർ നടപടികൾ സ്വീകരിക്കും എന്നാണ് ഡിഎംഇയുടെ നിലപാട്. ഇതുകൂടി ഉൾപ്പെടുത്തിയായിരിക്കും ആരോഗ്യ മന്ത്രിക്ക് അന്തിമ റിപ്പോർട്ട് കൈമാറുക.
വേണുവിന്‍റെ കൂടുതൽ ഓഡിയോ സന്ദേശം പുറത്ത്
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ മരിച്ച വേണുവിന്‍റെ കൂടുതൽ ഓഡിയോ സന്ദേശം പുറത്ത് വന്നിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടന്ന് വേണു ബന്ധുവിന് അയച്ച ഓഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ആരോഗ്യനിലയെ കുറിച്ച് ആശങ്ക അറിയിച്ചുള്ളതാണ് സന്ദേശം. തനിക്ക് എന്തെങ്കിലും സംഭിച്ചാൽ ഉത്തരവാദിത്തം ആശുപത്രി ഏൽക്കുമോ? കുടുംബത്തിന് ഉണ്ടാകുന്ന നഷ്ടം അവർക്ക് നികത്താനാകുമോ? ആശ്രയം തേടി വരുന്ന സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോ, അത്രയും സങ്കടം വന്നിട്ടാണ് ഇത് അയക്കുന്നതെന്നും വേണു അയച്ച ഓഡിയോയില്‍ പറയുന്നുണ്ട്. സംഭവത്തിൽ ആശുപത്രിക്ക് വീഴ്ചയുണ്ടായി എന്ന് ആവര്‍ത്തിക്കുകയാണ് കുടുംബം. ഹൃദയാഘാതമുണ്ടായ ആള്‍ക്ക് കിടക്ക പോലും കിട്ടിയില്ലെന്നും തുണിവിരിച്ചാണ് കിടന്നതെന്നും വേണുവിന്‍റെ ഭാര്യ സിന്ധു പറഞ്ഞിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam