
കൊല്ലം: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി കൊല്ലം റെയിൽവേ സ്റ്റേഷനിലെ നിലവിലുള്ള മുഴുവൻ കെട്ടിടങ്ങളും പൊളിച്ചു നീക്കും. റെയിൽവേയുടെ പ്ലാറ്റിനം ഗ്രേഡിലാണ് പുതിയ റെയിൽവേ സ്റ്റേഷന്റെ നിർമ്മാണം. 2025 ഡിസംബറിൽ സ്റ്റേഷൻ കമ്മീഷൻ ചെയ്യാനുള്ള ഒരുക്കത്തിലാണ് റെയിൽവേ അധികൃതർ.
കൊല്ലം റെയിൽവേ സ്റ്റേഷൻ നവീകരണത്തിനായി 361 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. രണ്ട് ടെർമിനലുകളിലെ പ്രധാന ടെർമിനൽ അഞ്ച് നിലകളിലാണ് നിർമ്മിക്കുക. ഇവിടെ കാത്തിരിപ്പ് കേന്ദ്രം, കൊമേഴ്സ്യൽ ഏരിയ, ലോഞ്ചുകൾ, കിയോസ്കുകൾ തുടങ്ങിയവ ഉണ്ടായിരിക്കും. 6 എസ്കലേറ്ററുകളും 12 ലിഫ്റ്റുകളും സജ്ജമാക്കും. മൾട്ടിലവൽ കാർ പാർക്കിങ്ങ് സമുച്ചയം, പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന എയർകോൺകോഴ്സ് എന്നിവയും ഉണ്ടായിരിക്കും.
ഷോപ്പിങ്ങ് മാൾ മാതൃകയിലാണ് കോൺകോഴ്സ് നിർമ്മാണം ആലോചിക്കുന്നത്. പൊതുജനങ്ങൾക്ക് ടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ ഇല്ലാതെ സ്റ്റേഷനിലെ മാളിലേക്ക് പ്രവേശിക്കാനാവും. കാരാർ പ്രകാരമുള്ള സമയ പരിധിക്കും ആറ് മാസം മുൻപ് പണികൾ തീർക്കാൻ കഴിയുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
കൊല്ലം സ്റ്റേഷനിൽ മെമു ഷെഡിന്റെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്. 24 കോടി രൂപ ചെലവാണ് ഇതിന് കണക്കാക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ കേരളത്തിന്റെ മെമു ഹബ്ബായി കൊല്ലം മാറും. കൊല്ലത്ത് നിന്ന് ചെങ്കോട്ട പാതയിലൂടെ അടക്കം കൂടുതൽ മെമു സർവീസുകൾ തുടങ്ങാൻ കഴിയും. നിലവിൽ മെമു ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ ഇറോഡാണ് നടക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam