വെറുതെ ഒരു മെഡി. കോളേജ്! പൂര്‍ണ സജ്ജമാകാതെ കോന്നി മെഡി. കോളേജ്, ശസ്ത്രക്രിയ അടക്കം വിദഗ്ധ ചികിത്സയില്ല

Published : Jul 21, 2022, 09:05 AM IST
വെറുതെ ഒരു മെഡി. കോളേജ്! പൂര്‍ണ സജ്ജമാകാതെ കോന്നി മെഡി. കോളേജ്, ശസ്ത്രക്രിയ അടക്കം വിദഗ്ധ ചികിത്സയില്ല

Synopsis

2013ലാണ് കോന്നി മെഡിക്കൽ കോളജ് നിർമാണം തുടങ്ങുന്നത്. 36 മാസത്തിനകം പണി പൂർത്തിയാക്കി പ്രവേശനം നടത്താനായിരുന്നു ലക്ഷ്യം.എന്നാൽ വർഷങ്ങൾക്ക് ഇപ്പുറവും ഒരു പ്രവേശനവും നടന്നില്ല. 

കോന്നി: പത്തനംതിട്ട, കൊല്ലം ജില്ലകളിലെ മലയോര മേഖലയിലുള്ളവർക്കായി വിഭാവനം ചെയ്ത കോന്നി മെഡിക്കൽ കോളേജ് ആശുപത്രി ഇതുവരെ പൂർണതോതിൽ പ്രവർത്തനം തുടങ്ങിയിട്ടില്ല. കോടികൾ മുടക്കി കെട്ടിട സമുച്ചയങ്ങൾ നിർമ്മിച്ചിട്ടും ജനങ്ങൾക്ക് പ്രയോജനമില്ലാത്ത നിലയിലാണ് ആശുപത്രി. 2013ലാണ് കോന്നി മെഡിക്കൽ കോളജ് നിർമാണം തുടങ്ങുന്നത്. 36 മാസത്തിനകം പണി പൂർത്തിയാക്കി പ്രവേശനം നടത്താനായിരുന്നു ലക്ഷ്യം.എന്നാൽ വർഷങ്ങൾക്ക് ഇപ്പുറവും ഒരു പ്രവേശനവും നടന്നില്ല. വിദ്യാർത്ഥികളുടെ മെഡിക്കൽ പ്രവേശനത്തിന് സർക്കാർ നൽകുന്ന അപേക്ഷ തുടർച്ചയായി തള്ളുകയാണ് ദേശീയ മെഡിക്കൽ കമ്മിഷൻ.100 സീറ്റിന് അനുമതി തേടിയാണ് ഒടുവിൽ സർക്കാർ ദേശീയ മെഡിക്കൽ കമ്മീഷനെ സമീപിച്ചത്. എന്നാൽ കമ്മീഷൻ നിർദേശിക്കുന്ന സൗകര്യങ്ങളൊന്നും കോന്നിയിൽ പൂർത്തിയായിട്ടില്ല. കോളേജിനുള്ളിലെ ഹോസ്റ്റൽ നിർമ്മാണം പാതിവഴിയിലാണ്. 330 കിടക്കകൾ വേണ്ടിടത്ത് നിലവിലുള്ളത് 290 എണ്ണം. ലബോറട്ടറികൾ ഒന്നും സജ്ജമല്ല. 

2020 സെപ്റ്റംബർ 14 ന് ആഘോഷപൂർവമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചത്. ഒപി മുതൽ മേജർ ഓപ്പറേഷൻ തിയേറ്റർ വരെ ഉടൻ സജീകരിക്കുമെന്നായിരുന്നു അന്നത്തെ ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞത്. എന്നാൽ കൊല്ലം രണ്ടായിട്ടും ഒപി അല്ലാതെ മറ്റ് ചികിത്സാസൗകര്യങ്ങൾ ഇല്ല. അത്യാഹിത വിഭാഗം പേരിന് മാത്രമാണ്. കിടത്തി ചികിത്സ തുടങ്ങയെങ്കിലും അനുബന്ധ പരിശോധനാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ആളുകൾ എത്തുന്നില്ല. 394 ജീവനക്കാർ തസ്തിക സൃഷ്ടിച്ചു. നിയമനം നൽകിയത് 258 പേർക്ക്. ശസ്ത്രക്രിയ സൗകര്യങ്ങൾ ഇല്ല. പലപ്പോഴും ഫാർമസിയിൽ അത്യാവശ്യ മരുന്നുകളുടെ കുറവും ഉണ്ട്.

അത്യാധുനിക ലേബര്‍ റൂം, ബ്ലഡ്ബാങ്ക്; കോന്നി മെഡിക്കല്‍ കോളേജിലെ വികസന പദ്ധതികളെ കുറിച്ച് ആരോഗ്യമന്ത്രി 

കോന്നി മെഡിക്കല്‍ കോളേജില്‍ ഘട്ടം ഘട്ടമായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റ് പ്രധാന മെഡിക്കല്‍ കോളോജുകളെപ്പോലൈ കോന്നി മെഡിക്കല്‍ കോളേജിനേയും മാറ്റാന്‍ വലിയ പ്രയത്‌നമാണ് നടന്നു വരുന്നത്. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ സജ്ജമാക്കും. ലേബര്‍ റൂമും ബ്ലഡ് ബാങ്കും യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. എം.ആര്‍.ഐ., കാത്ത്‌ലാബ്, ന്യൂറോളജി സേവനനങ്ങള്‍, ഐസിയു, ഡയാലിസിസ് യൂണിറ്റുകള്‍, കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസി എന്നിവയും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി. നിലവിൽ കോന്നി മെഡിക്കല്‍ കോളേജില്‍ ഒപി, ഐപി, അത്യാഹിത വിഭാഗം ആരംഭിച്ചിട്ടുണ്ട്. അക്കാഡമിക് ബ്ലോക്ക് പൂര്‍ത്തീകരിച്ചു. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമാക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി ജീവനക്കാരെ നിയമിച്ചു.

കോന്നി മെഡിക്കല്‍ കോളേജിന്റെ വിപുലീകരണത്തിന് രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണ്. കിഫ്ബിയില്‍ നിന്നും 351.72 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഇതില്‍ 264.50 കോടി രൂപ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും 87.22 കോടി രൂപ ഉപകരണങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനും വേണ്ടിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂര്‍ അത്യാഹിത വിഭാഗം, ഫാര്‍മസി, ലാബ് സേവനങ്ങള്‍, എക്‌സ്‌റേ വിഭാഗം, കോവിഡ് അഡ്മിഷന്‍, ട്രയാജ്, കുഹാസ് അഫിലിയേഷന്‍, അള്‍ട്രാസൗണ്ട്, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവ സജ്ജമാക്കി പ്രവര്‍ത്തനമാരംഭിച്ചു.

എല്ലാ ക്ലിനിക്കല്‍ ഒപികളും ഈ വര്‍ഷം ജനുവരി 22ന് ആരംഭിച്ചു. ഇതോടൊപ്പം പാരിസ്ഥിക അനുമതിയും നേടി. മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് കോഴ്‌സ് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ഓക്‌സിജന്‍ പ്ലാന്റ്, മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് എന്നിവ സ്ഥാപിച്ചു. എല്‍എംഒ പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 6.75 കോടി രൂപയുടെ ഭരണാനുമതി കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നല്‍കി. ഇതിലൂടെ പത്തനംതിട്ട ജില്ലയില്‍ സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ 128 സ്ലൈസ് സിടി സ്‌കാനാണ് കോന്നി മെഡിക്കല്‍ കോളേജില്‍ സ്ഥാപിക്കുന്നത്. കൂടാതെ അത്യാധുനിക നേത്ര ചികിത്സ, സര്‍ജറി, ഓര്‍ത്തോപീഡിക് സര്‍ജറി എന്നിവയ്ക്ക് വേണ്ടിയുള്ള സംവിധാനമൊരുക്കുക എന്നിവയ്ക്കുമാണ് തുകയനുവദിച്ചത്. ഇവ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വളരെ വേഗത്തില്‍ നടന്നു വരികയാണ്.

ഇതുകൂടാതെ കോന്നി മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ഫി വഴി 19.5 കോടി രൂപ അനുവദിച്ചു. അക്കാഡമിക് ബ്ലോക്ക്, 2 മോഡ്യുലാര്‍ തീയറ്റര്‍, ബ്ലഡ്ബാങ്ക്, പീഡിയാട്രിക്, ഗൈനക്കോളജി വിഭാഗം എന്നിവ സജ്ജമാക്കാനാണ് തുകയനുവദിച്ചത്. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, ഹോസ്റ്റലുകള്‍, ഡീന്‍ വില്ല, ലോണ്‍ട്രി, എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

​ഗ്രീമയ്ക്കും അമ്മയ്ക്കും സയനൈഡ് എങ്ങനെ കിട്ടി?ഒരു മാസം മുമ്പ് അച്ഛനും മരിച്ചു, കമലേശ്വരത്തെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസെടുക്കും
സിപിഎം നേതാവ് മുസ്ലിം ലീഗിൽ ചേർന്നു; ഉപേക്ഷിച്ചത് 30 വർഷത്തെ സിപിഎം ബന്ധം, ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്ന് സുജ ചന്ദ്രബാബു