കോഴിക്കോട്: കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിക്ക് വിഷാദരോഗം ബാധിച്ചതായി സംശയമെന്ന് മെഡിക്കല്‍ സൂപ്രണ്ട്. സര്‍ജ്ജറിക്ക് വിധേയമാക്കിയ ജോളി സുഖം പ്രാപിച്ചുവരുന്നുവെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അസി. മെഡിക്കല്‍  സൂപ്രണ്ട് ഡോ. സുനില്‍കുമാര്‍ നല്‍കിയ വിവരം. അതേസമയം, ആത്മഹത്യക്ക് ശ്രമിച്ചത് സുരക്ഷാ വീഴ്ച്ചയാണോയെന്ന് അന്വേഷണം തുടങ്ങി.

കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോളിയെ ഇന്ന് രാവിലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. പുലര്‍ച്ചെയാണ് രക്തം വാര്‍ന്ന നിലയില്‍ ജോളിയെ കണ്ടെത്തിയത്. ജോളിക്കൊപ്പം താമസിച്ചിരുന്ന സഹ തടവുകാരാണ് വിവരം ഉദ്യോഗസ്ഥരെ അറിയിച്ചത്. ജില്ലാ ആശുപത്രിയിലേക്കാണ് ആദ്യം ജോളിയെ എത്തിച്ചത്. അവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. രക്തം വാര്‍ന്നുപോയെങ്കിലും ജോളിയുടെ പരിക്ക് ഗുരുതരമല്ല. 

Also Read: കൈ ഞരമ്പ് കടിച്ച് മുറിച്ച് ടൈലില്‍ ഉരച്ച് വലുതാക്കിയെന്ന് ജോളി; ആത്മഹത്യ ശ്രമം വിശ്വസനീയമല്ലെന്ന് പൊലീസ്

കൈയിലെ ഞരമ്പ് കടിച്ച് മുറിച്ച് സെല്ലിലെ ടൈലില്‍ ഉരച്ച് വലുതാക്കിയെന്നാണ് ജോളി പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ മൊഴി വിശ്വസനീയമല്ലെന്നാണ് പൊലീസ് പറയുന്നത്. ജോളിയുടെ സെല്ലിനുള്ളിൽ നടത്തിയ പരിശോധനയില്‍ മുറിവുണ്ടാക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ ഒന്നും കണ്ടെത്താനായില്ലെന്ന് കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട് ജയകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂര്‍ച്ചുള്ള ആയുധം കൊണ്ടുള്ള മുറിവല്ലെന്ന് ഡോക്ടര്‍മാറും പൊലീസിനെ അറിയിച്ചിട്ടുണ്ട്. മുറിവുകള്‍ പലയിടങ്ങളിലായതിനാല്‍ പ്ലാസ്റ്റിക് സര്‍ജ്ജറി വിദഗ്ദരുടെ സഹായത്തോടെ തുന്നിക്കെട്ടി. വിഷാദരോഗ ലക്ഷണങ്ങള്‍ കാണിക്കുന്നതിനാല്‍ ഇനിയും ആത്മഹത്യശ്രമം നടത്താന്‍ സാധ്യയയുണ്ടെന്ന് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു. 

രണ്ട് ദിവസത്തിനുള്ളില്‍ ജോളിയെ ജയിലിലേക്ക് അയക്കാനാകുമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. മുറിവ് ഭേദമായശേഷം പ്രത്യേക കൗണ്‍സിലിംഗ് നല്‍കണമെന്നും ജയില്‍ സൂപ്രണ്ടിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ആത്മഹത്യശ്രമത്തിനുള്ള ആയുധങ്ങള്‍ ജോളിക്ക് എവിടെനിന്ന് ലഭിച്ചുവെന്ന അന്വേഷണം ആരംഭിച്ചു. ജയില്‍ സൂപ്രണ്ടിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. സെല്ലില്‍ പരിശോധന നടത്തിയെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂടത്തായി അന്വേഷണസംഘത്തിലെ‍ ഡിവൈഎസ്പി ഹരിദാസും ആശുപത്രിയിലെത്തി ജോളിയുടെ മൊഴിയെടുത്തു.