കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരയെക്കുറിച്ച് ഒന്നുമറിയുമായിരുന്നില്ലെന്ന് ആവർത്തിച്ച് ഷാജു. പൊലീസിനോട് കുറ്റം സമ്മതിച്ച്  മൊഴി കൊടുത്തിട്ടില്ല. ഭാര്യയുടെയും കുഞ്ഞിന്‍റെയും മരണങ്ങളെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നെന്ന് ചോദ്യം ചെയ്ത് വിട്ടയച്ചതിന് ശേഷം ഷാജു മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കൊലപാതകമാണെന്ന് അറിയാമായിരുന്നുവെങ്കിലും അത് പൊലീസിനെ അറിയിക്കാതെ മറച്ചു വച്ചെന്ന് ഷാജു പൊലീസിനോട് പറഞ്ഞെന്നാണ് വിവരം. കൊലകളിൽ കൃത്യമായ പങ്ക് ഷാജുവിനുണ്ടെന്ന് തെളിയിക്കാതെ കസ്റ്റഡിയോ അറസ്റ്റോ പോലുള്ള നടപടികളിലേക്ക് കടക്കേണ്ടെന്നാണ് പൊലീസിന്‍റെ തീരുമാനം. മൊഴി വിശദമായി പരിശോധിക്കുമെന്നാണ് റൂറൽ എസ്‍പി കെ ജി സൈമൺ മാധ്യമങ്ങളോട് പറഞ്ഞത്. 

'ഞാൻ നിരപരാധി'

''വളരെ വിഷമകരമായ അവസ്ഥയിലൂടെയാണ് ഞാൻ കടന്നു പോകുന്നത്. കൊലപാതകങ്ങളിൽ എനിക്കും പങ്കുണ്ടെന്ന് ജോളി പൊലീസിനോട് പറയുന്നത് പ്ലോട്ടാണ്. ജോളിയുടെ പൂർണമായ പ്ലോട്ടാണ്. ഇപ്പോഴീ കുറ്റത്തിലും കേസിലും അവൾ ഒറ്റയ്ക്കാണല്ലോ. ജോളിയുടെ കൂടെ ഒരാളെക്കൂടി കുരുക്കണമെന്ന താത്പര്യത്തിലാണ് ഇതൊക്കെ പറയുന്നത്'', ഷാജു പറയുന്നു.

ജോളിയ്ക്ക് ഏതൊക്കെ തരത്തിലുള്ള ബന്ധങ്ങളുണ്ടായിരുന്നു എന്നൊന്നും അറിയില്ലെന്ന് ഷാജു പറയുന്നു. സാമ്പത്തിക ഇടപാടുകൾ എന്താണെന്നൊന്നും തനിക്ക് അറിയില്ല. ജോളിയ്ക്ക് ജോളിയുടേതായ സ്വാതന്ത്ര്യമുണ്ടായിരുന്നു. എനിക്ക് എന്‍റേതും. അതിലപ്പുറത്തേക്ക് അവരുടെ സ്വാതന്ത്ര്യത്തിൽ ഞാൻ കൈ കടത്തിയിരുന്നില്ല. ജോളിയുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചോ രേഖകളെക്കുറിച്ചോ ഒന്നുമറിയില്ലെന്നും ഷാജു പറയുന്നു. 

സിലിയുടെയും കുഞ്ഞ് ആൽഫിന്‍റേയും മരണത്തിൽ സംശയം അന്ന് തോന്നിയിരുന്നില്ലേ എന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചു. എന്നാൽ ആ മരണങ്ങളിൽ അന്ന് ദുരൂഹത തോന്നിയില്ലെന്ന് തന്നെയാണ് ഷാജു വീണ്ടും പറയുന്നത്. ''സിലിയുടെയും കുഞ്ഞിന്‍റെയും മരണത്തിൽ ഒന്നും പറയാൻ കഴിയില്ല. കുഞ്ഞായ ആൽഫൈന് അസുഖങ്ങളുണ്ടായിരുന്നു. മൂന്ന് മാസം ഗർഭിണിയായിരുന്നപ്പോൾ സിലിയ്ക്ക് ചിക്കൻ പോക്സ് വന്നിരുന്നു. അതിന്‍റേതായ അസുഖങ്ങൾ കുഞ്ഞിനുമുണ്ടായിരുന്നു. അതാണോ കുഞ്ഞിന് അപസ്മാരം അടക്കമുള്ള അസുഖങ്ങൾ വരാൻ കാരണമെന്നറിയില്ല. അതോ, ഭക്ഷണം കഴിച്ചപ്പോൾ തലയിൽ കയറിയതാണോ എന്നും അറിയില്ല. പിഞ്ചു ശരീരമല്ലേ? ഒന്നും പറയാനാകില്ലെന്നാണ് അന്ന് ഡോക്ടർമാർ തന്നെ പറഞ്ഞത്'', ഷാജു പറയുന്നു.

മരണകാരണം എന്താണെന്ന് പരിശോധിക്കാമായിരുന്നെന്ന് ഷാജു പറയുന്നു. ''അന്ന് ഇതിലെല്ലാം ഇത്രയും ദുരൂഹത തോന്നിയിരുന്നില്ല. സംശയങ്ങളും ഉയർന്നിരുന്നില്ല. എന്നാലിപ്പോൾ ഇതിത്ര പ്രശ്നമായ നിലയ്ക്ക് എല്ലാം പരിശോധിക്കാമായിരുന്നു എന്ന് തോന്നുന്നുണ്ട്. പോസ്റ്റ്‍മോർട്ടം നടത്താമായിരുന്നു എന്ന് തോന്നുന്നുണ്ട്'', എന്ന് ഷാജു.

കരുതലോടെ പൊലീസ്

എന്നാൽ ഷാജുവിനും അച്ഛൻ സക്കറിയയ്ക്കും ഇതെല്ലാം അറിയാമായിരുന്നു എന്ന് തന്നെയാണ് ജോളി മൊഴി നൽകിയിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് സക്കറിയയെയും ഷാജുവിനെയും വിളിച്ച് വരുത്തിയതും. ജോളിയുടെ വിശദമായ മൊഴി ഒക്ടോബർ മൂന്നാം തീയതി എടുത്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അന്ന് ഷാജുവും ഒപ്പമുണ്ടായിരുന്നു. അന്ന് ഷാജുവിന്‍റെ മൊഴിയും രേഖപ്പെടുത്തിയതാണ്. ഈ മൊഴിയിൽ ചില വിശദീകരണങ്ങൾ വേണമായിരുന്നു. അതിനാലാണ് വീണ്ടും ഷാജുവിനെ വിളിച്ച് വരുത്തിയതെന്നും വിശദമായി മൊഴി രേഖപ്പെടുത്തിയതെന്നും റൂറൽ എസ്‍പി കെ ജി സൈമൺ പ്രതികരിച്ചു.

മൃതദേഹാവശിഷ്ടങ്ങളടക്കം വിശദമായ പരിശോധനയ്ക്കായി വിദേശത്തേക്ക് അയക്കാൻ ഒരുങ്ങുകയാണ് പൊലീസ്. ദേഹത്ത് സയനൈഡിന്‍റെ അംശമുണ്ടായിരുന്നോ എന്ന് അടക്കിയ മൃതദേഹങ്ങളിൽ നിന്ന് കണ്ടെത്തുക പ്രയാസകരമാണ്. അതിനാൽ വിദേശത്തേക്ക് അയച്ച് പരിശോധിപ്പിക്കാനാണ് പൊലീസിന്‍റെ തീരുമാനം.

ഇത്രയധികം കൊലപാതകങ്ങൾ നടത്തി ഒരു തെളിവും അവശേഷിപ്പിക്കാതെ രക്ഷപ്പെടാൻ ജോളിയ്ക്ക് ഒറ്റയ്ക്ക് സാധിക്കില്ലെന്ന് തന്നെയാണ് പൊലീസ് കണക്കുകൂട്ടുന്നത്. അതിനാൽ ഇതിലാർക്കൊക്കെ ഇനിയും പങ്കുണ്ടെന്ന വിവരം വിശദമായി പരിശോധിച്ച ശേഷം, സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഒത്തിണക്കിയാകും പൊലീസ് അറസ്റ്റിലേക്ക് നീങ്ങുന്നതും കുറ്റപത്രം തയ്യാറാക്കുന്നതും. ഇത് വലിയ സാഹസമാണെങ്കിലും. കോടതിയിൽ ഈ കേസ് തള്ളിപ്പോകുന്ന സാഹചര്യം പൊലീസിന് വലിയ തിരിച്ചടിയാകും. അത്രയും വിദഗ്‍ധമായാണ് പൊലീസ് ഇത്ര കാലത്തിന് ശേഷം ഈ കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്.