Latest Videos

ജയിലിലെ ജോളിയുടെ ആത്മഹത്യാശ്രമം: സുരക്ഷ വീഴ്ചയുണ്ടായോ? ഡിഐജി വിനോദ് കുമാറിന് അന്വേഷണ ചുമതല

By Web TeamFirst Published Feb 27, 2020, 8:50 PM IST
Highlights

ഇന്ന് രാവിലെ 4.30 തിനാണ് ജോളിയെ കൈഞരമ്പ് മുറിച്ച നിലയില്‍ സെല്ലിനുള്ളില്‍ കാണുന്നത്. പുതപ്പിനുള്ളില്‍ നിന്നും ചോര വാര്‍ന്നൊഴുകുന്നത് കണ്ട സഹതടവുകാര്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.  

കോഴിക്കോട്: കൂടത്തായി കേസിലെ പ്രതി ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ വടക്കൻ മേഖലാ ജയില്‍ ഡിഐജി വിനോദ് കുമാറിന് അന്വേഷണത്തിന് നിർദ്ദേശം. ജയിൽ ഡിജിപിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കോഴിക്കോട് ജില്ലാ ജയിലില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കും. ഇന്ന് പുലര്‍ച്ചെയാണ് കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. രാവിലെ 4.30 തിനാണ് ജോളിയെ കൈഞരമ്പ് മുറിച്ച നിലയില്‍ സെല്ലിനുള്ളില്‍ കാണുന്നത്.  പുതപ്പിനുള്ളില്‍ നിന്നും ചോര വാര്‍ന്നൊഴുകുന്നത് കണ്ട സഹതടവുകാര്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ ബീച്ചാശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി. 

കൈ ഞരമ്പുകള്‍ കടിച്ചുമുറിച്ച് ടൈല്‍സിലുരച്ച് മുറിവ് വലുതാക്കിയെന്നാണ് ജോളി പൊലീസിന് ന‍ല്‍കിയ മൊഴി. പരിശോധനകള്‍ക്ക് ശേഷം മൂര്‍ച്ചയുള്ള ആയുധം കൊണ്ടുള്ള മുറിവല്ലെന്ന് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.  മുറിവുകള്‍ പലയിടങ്ങളിലായതിനാല്‍ പ്ലാസ്റ്റിക് സര്‍ജ്ജറി വിദഗ്ദരുടെ സഹായത്തോടെ  തുന്നിക്കെട്ടി. അതേസമയം  കടിച്ചുമുറിച്ചതാണെന്ന  മൊഴി ജയിലധികൃതര്‍ പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. പുതപ്പിനുള്ളില്‍വെച്ച് കൈത്തണ്ട മുറിച്ചുവെന്ന് സഹ തടവുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. 

ശരീരത്തില്‍ മുറിവുണ്ടാക്കാന്‍ സാധിക്കുന്ന ഏതെങ്കിലും ആയുധങ്ങളോ കുപ്പിച്ചില്ലോ ആകാം  ജോളി ഉപയോഗിച്ചതെന്നാണ് ജയില്‍ ഉദ്യോഗസ്ഥരുടെ സംശയം. ജോളി വിഷാദരോഗം ബാധിച്ചിരിക്കുന്നതിനാല്‍ ഇനിയും ആത്മഹത്യ ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ ജയിലധികൃതരെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ കൗണ്‍സിലിംഗ് നല്‍കണമെന്നാണ് ഇവര്‍ നല്‍കിയ നിര്‍ദ്ദേശം.

click me!