കൂടത്തായി കേസ്; പ്രതി ജോളി ജയിലിൽ നിന്ന് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു

By Web TeamFirst Published Jun 12, 2020, 11:26 AM IST
Highlights

പ്രമാദമായ കൊലപാതക പരമ്പരയിലെ പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് അതീവ ഗൗരവമുളള പ്രശ്നമാണെന്നും ഇതിനെതിരെ കര്‍ശന നടപടി വേണമെന്നും ഉത്തരമേഖല ഐജി അശോക് യാദവ് ഇക്കഴിഞ്ഞ എട്ടാം തീയതി ജയില്‍ മേധാവിക്ക് നല്‍കിയ റിപ്പോർട്ടിൽ പറയുന്നു. 

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി ജയിലില്‍ ജയിലില്‍ നിന്ന് നിരന്തരം ഫോണ്‍ വിളിച്ചതായി ഐജിയുടെ റിപ്പോര്‍ട്ട്. മകനും കേസിലെ പ്രധാന സാക്ഷിയുമായ റെമോയെ മൂന്നു വട്ടം വിളിച്ചെന്നും സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റെമോ വിലക്കിയിട്ടും ജോളി വിളിക്കുകയായിരുന്നെന്നും മറ്റ് സാക്ഷികളെയും വിളിച്ചിട്ടുണ്ടാകാമെന്നും കൊല്ലപ്പെട്ട റോയ് തോമസിന്‍റെ സഹോദരിയും കേസിലെ പ്രധാന സാക്ഷിയുമായ രഞ്ജി പറഞ്ഞു. ജോളിക്ക് ജയിലില്‍ വലിയ സ്വാതന്ത്ര്യമാണ് അനുവദിക്കുന്നതെന്ന് മറ്റൊരു സാക്ഷിയായ ബാവയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
 

ഉത്തരമേഖല ഐജി അശോക് യാദവ് ഇക്കഴിഞ്ഞ എട്ടാം തീയതി ജയില്‍ മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടാണിത്. റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു. കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യ പ്രതിയും റിമാന്‍ഡ് തടവുകാരിയുമായ ജോളി ജയിലിനുളളില്‍ നിരന്തരമായും സ്വതന്ത്രമായും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു. മകനും കേസിലെ പ്രധാന സാക്ഷിയുമായ റെമോയെ സ്വാധീനിക്കാന്‍ നിരന്തരം ശ്രമിക്കുന്നു. 8098551349 എന്ന നമ്പറിൽ നിന്നാണ് വിളിച്ചത്. ഇതു സംബന്ധിച്ച വിവരം കിട്ടിയതിനെത്തുടര്‍ന്ന് താന്‍ റെമോയെ നേരില്‍ കണ്ടെന്നും ജോളി തന്നെ പലവട്ടം വിളിച്ചതായി റെമോ സമ്മതിചെന്നും റിപ്പോര്‍ട്ടില്‍ ഐജി പറയുന്നു. പ്രമാദമായ കൊലപാതക പരമ്പരയിലെ പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് അതീവ ഗൗരവമുഴളള പ്രശ്നമാണെന്നും ഇതിനെതിരെ കര്‍ശന നടപടി വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ജോളിക്ക് വഴിവിട്ട പല  സഹായങ്ങളും കിട്ടുന്നുണ്ടെന്നും കേസ് അന്വേഷണത്തിലും പാകപ്പിഴകള്‍ ഉണ്ടെന്നും മറ്റൊരു സാക്ഷിയാ ബാവയും ആരോപിച്ചു.

എന്നാല്‍ തടവുകാര്‍ക്ക് പുറത്തേക്ക് വിളിക്കാവുന്ന നമ്പറിൽ നിന്നാണ് ജോളി വിളിച്ചതെന്ന് ജയില്‍ ഡിജിപി റിഷിരാജ് സിംഗ് പറഞ്ഞു. ജയില്‍ രജിസ്റ്റ‍റില്‍ നന്പര്‍  എഴുതിയ ശേഷമാണ്  വിളിക്കാന്‍ അനുമതി നല്‍കിയതെന്നും ഡിജിപി പറഞ്ഞു. തടവുകാരുടെ ഫോണ്‍വിളി ജയില്‍ ജീവനക്കാരുടെ സാന്നിധ്യത്തില്‍ വേണെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്നുമുളള നിബന്ധന എന്തുകൊണ്ട് പാലിക്കപ്പെട്ടില്ലെന്ന ചോദ്യം ബാക്കി. നേരത്തെ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ ജയിലിലെ ഫോണ്‍ വിളി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുകയും അധികൃതര്‍ തിരുത്തല്‍ നടപടികള്‍ പ്രഖ്യാപിക്കുകയും ചെയതെങ്കിലും കാര്യങ്ങള്‍ പഴയപടിയെന്ന് വ്യക്തം.

2019 ഒക്ടോബർ അഞ്ചിനാണ് ജോളിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ്, റോയിയുടെ മാതാപിതാക്കളയായ പൊന്നാമറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്‍റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍  എന്നിവരെ ഭക്ഷണത്തിൽ വിഷം കലർത്തിയും സയനൈഡ് നൽകിയും കൊലപ്പെടുത്തിയെന്നാണ് കേസ്. ആറു കേസുകളിലും പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 

Read more at: കൂടത്തായി കേസ്; നടന്നത് സമാനതകളില്ലാത്ത അന്വേഷണം, വിചാരണയില്‍ ശുഭപ്രതീക്ഷയെന്ന് എസ്‍പി സൈമണ്‍ ...
 

Read more at: ജയിലില്‍ സുരക്ഷാവീഴ്ച, കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിലാക്കി ...

Read more at:  കൂടത്തായി കേസിലെ അവസാന കുറ്റപത്രമായി: അന്നമ്മ കൊലക്കേസിൽ 129 സാക്ഷികൾ, 1061 പേജ് കുറ്റപത്രം ...

Read more at:  ജോളി ആദ്യം കൊന്നത് ഒരു കള്ളം മറയ്ക്കാന്‍; അവസാനിച്ചത് കൂട്ടക്കൊലയില്‍, കുറ്റപത്രം ...

 

click me!