കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസ് മുഖ്യപ്രതി ജോളി ആത്മഹത്യാശ്രമം നടത്തി. ജയിലില്‍ വച്ച് കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്. നിലവില്‍ ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബ്ലയിഡ് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നാണ് പ്രാഥമിക വിവരം. അതേ സമയം കുപ്പിച്ചില്ലുകൊണ്ടാണ് ഞരമ്പ് മുറിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു ജോളിയുടെ ആത്മഹത്യാശ്രമം.

ജോളിക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് ജയില്‍പ്പുള്ളികളാണ് ആത്മഹത്യാശ്രമത്തെക്കുറിച്ച് അധികൃതരെ അറിയിച്ചത്. ജയിലിനുള്ളില്‍ ജോളിക്ക് ബ്ലയിഡ് ലഭിച്ചതെന്നതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. പ്രതിക്ക് ബ്ലയിഡ് പോലുള്ള ഒരു ആയുധം ലഭിച്ചത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ്. ജയിലിലെ മറ്റ് പ്രതികളുടെ സഹായം ഇതിന് ജോളിക്ക് ലഭിച്ചതായാണ് വിലയിരുത്തല്‍. രക്തം വാര്‍ന്നുപോയെങ്കിലും ജോളിയുടെ പരിക്ക് ഗുരുതരമല്ല. അതേസമയം ജോളി സ്വയം കൈയ്യില്‍ കടിച്ച് മുറിവേൽപ്പിച്ചതാണെന്നും ആയുധങ്ങളൊന്നും കണ്ടെത്തിയില്ലെന്നുമാണ് കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട് ജയകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. 

കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു കൂടത്തായി കൊലപാതകപരമ്പര. സയനൈയ്ഡ് ഉപയോഗിച്ച് 17 വർഷങ്ങൾക്കിടെ 6 കൊലപാതകങ്ങളാണ് കൂടത്തായി കൊലപാതക പരമ്പരയിൽ നടന്നത്. ആദ്യം കൊല്ലപ്പെട്ടത് ജോളിയുടെ ആദ്യഭര്‍ത്താവിന്‍റെ അമ്മ അന്നമ്മയാണ്. 2002 ഓഗസ്റ്റ് 22നായിരുന്നു ഇത്. ആട്ടിൻ സൂപ്പിൽ നായയെ കൊല്ലാനുള്ള വിഷം കലർത്തി നൽകിയായിരുന്നു കൊലപാതകം.

ആറ് വർഷത്തിന് ശേഷം അന്നമ്മയുടെ ഭർത്താവ് ടോ തോമസ് കൊല്ലപ്പെട്ടു. സയനൈഡ് നൽകിയായിരുന്നു ജോളി ഈ കൃത്യം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 2011 സെപ്റ്റംബറിലാണ് ജോളി ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തുന്നത്. കടലക്കറിയിൽ സയനൈഡ് കലർത്തി നൽകിയായിരുന്നു ഇത്. 2014 ഫെബ്രുവരിയിൽ മാത്യു മഞ്ചാടിയെയും ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തി. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്‍റെ മകളായ ഒന്നര വയസുകാരി ആൽഫൈനായിരുന്നു ക്രൂരതയുടെ അഞ്ചാമത്തെ ഇര, ബ്രെഡിൽ സയനൈഡ് കലർത്തി നൽകിയായിരുന്നു ഇത്, ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിയെയാണ് ജോളി അവസാനമായി കൊലപ്പെടുത്തിയത്.